റിയാദ്: അഞ്ചുലക്ഷം വർഷം പഴക്കമുള്ള ആനയുടെ അവശിഷ്ടങ്ങൾ സൗദി അറേബ്യൻ മരുഭൂമിയിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ സൗദിയിലെ തൈമ നഗരത്തിന് സമീപം നഫൂദ് മരുഭൂമിയിലാണ് ചെറിയ ആനയുടേതെന്ന് കരുതുന്ന വാരിയെല്ലും കാലസ്ഥിയും പുരാവസ്തു പര്യവേക്ഷണത്തിനിടയിൽ കിട്ടിയത്. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജിെൻറ (എസ്.സി.ടി.എച്ച്) നേതൃത്വത്തിൽ നടക്കുന്ന ഉദ്ഖനനത്തിലൂടെ ആനയുടെ ശരീരാവശിഷ്ടങ്ങളിൽ 84 ശതമാനവും കണ്ടെത്തി കഴിഞ്ഞതായി കമീഷൻ വക്താവ് താരിഖ് അബഅൽഖൈൽ അറിയിച്ചു. 2014 മുതൽ ഇതുവരെ നടത്തിയ ജിയോളജിക്കൽ സർവേയുടെ ഫലമായി ആനയുൾപ്പെടെ വിവിധ സസ്തനികളുടെ 303 ശാരീരികാവശിഷ്ടങ്ങൾ കണ്ടെത്തി.
ഉദ്ഖനത്തിലൂടെ നേരത്തെ കിട്ടിയ ആനയുടെ കൊമ്പടക്കമുള്ള അവശിഷ്ടങ്ങൾ ആറുവർഷം പഴക്കമുള്ളതാണെന്നാണ് നിഗമനം. സാമാന്യത്തിൽ കൂടുതൽ വലിപ്പമുള്ള ആനയാണെന്ന് തോന്നിക്കുന്ന അവശിഷ്ടങ്ങളാണ് അവ. ബത്ഹക്ക് സമീപം മുറബ്ബയിലുള്ള റിയാദ് നാഷനൽ മ്യൂസിയത്തിൽ ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗദി പുരാവസ്തുക്കളുമായി ലോകപര്യടനം നടത്തുന്ന ‘റോഡ്സ് ഒാഫ് അറേബ്യ’ തിരിച്ചെത്തിയതിനെ തുടർന്ന് നടത്തുന്ന പ്രദർശനത്തിലാണ് ഇവയും നിരത്തിയിട്ടുള്ളത്. ഇനിയും 40 ദിവസത്തോളം തുടരുന്ന പ്രദർശനം കാണാൻ പൊതുജനങ്ങൾക്ക് സൗജന്യ അവസരമാണിപ്പോഴുള്ളത്. ഇപ്പോൾ കിട്ടിയ ചെറിയ ആനയുടെ അസ്ഥികൾ ലോക പ്രശസ്ത ഫോസിൽ ശാസ്ത്രജ്ഞൻ പ്രഫ. ഡാനിയേൽ ഫിഷറിെൻറ നേതൃത്വത്തിൽ പഠനവിധേയമാക്കിയിരിക്കുകയാണെന്നും ആനകളുടെ പരിണാമവും ഒാരോ കാലഘട്ടത്തിലെയും ജീവിതവും പെരുമാറ്റവും സൂക്ഷ്മമായി മനസിലാക്കാൻ ഇൗ അവശിഷ്ടങ്ങളിലെ പഠനം കൊണ്ട് കഴിയുമെന്നും ഞായറാഴ്ച റിയാദിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കിയതായും എസ്.സി.ടി.എച്ച് ഫോസിൽ ഡിപ്പാർട്ട്മെൻറിലെ വിദഗ്ധൻ ഡോ. ഇയാദ് സാൽമോട്ട് പറഞ്ഞു.
അഞ്ച് ലക്ഷം വർഷം മുമ്പ് ജീവിച്ച ആന വർഗത്തിെൻറ ജീവിത രീതിയും ആയൂർദൈർഘ്യവും കാലാവസ്ഥയും മറ്റും മനസിലാക്കാൻ ഇൗ ആനയുടെ അവശിഷ്ടങ്ങൾ ഒരു ’ബ്ലാക്ക് ബോക്സാ’യി തന്നെ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറേബ്യൻ ഉപഭൂഖണ്ഡം ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പുൽമേടുകളും കുറ്റിക്കാടുകളും നിറഞ്ഞ ശാദ്വല പ്രദേശമായിരുന്നെന്നും പിന്നീടാണ് മരുഭൂമിയായി മാറുകയായിരുന്നെന്ന ധാരണയെ ഉറപ്പിക്കുന്നതായി പുതിയ കണ്ടുപിടിത്തവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.