സുബൈർ കുഞ്ഞു ഫൗണ്ടേഷന് കീഴിൽ 'റിസാ ടോട്ട്' ഓൺലൈൻ മൂല്യനിർണയ പരീക്ഷ നാളെ സൗദിയിൽ നടക്കും

റിയാദ്: അന്താരാഷ്ട്ര എൻ.ജി.ഒ ആയ സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ വിഭാഗം 'റിസ' യുടെ പരിശീലക, പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ഓൺലൈൻ മൂല്യനിർണയ പരീക്ഷ 'റിസാ ടോട്ട്' നാളെ (ശനി) സൗദി സമയം വെകീട്ട് ഏഴിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെ ഗ്രേഡ് എട്ട് മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 1,400 ലേറെ പേരാണ് ആദ്യഘട്ട പരിശീലനത്തിൽ രജിസ്റ്റർ ചെയ്തത്. ഒന്നാം ഘട്ട വെബിനാറിൽ പങ്കെടുക്കുകയും റിസയുടെ സർവേ ചോദ്യാവലി പൂർത്തിയാക്കുകയും ചെയ്തവർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പരീക്ഷാ ലിങ്ക് ഇമെയിൽ വഴി യോഗ്യരായവർക്ക് അയക്കുന്നതാണ്. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 ന് റിസ സംഘടിപ്പിക്കുന്ന വെബിനാറിൽ വിജയികളെ പ്രഖ്യാപിക്കുകയും തുടർന്ന് വിജയികൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റുകൾ റിസയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. വർധിച്ചുവരുന്ന ലഹരി ഉപഭോഗം ഫലപ്രദമായി തടയുവാൻ പൊതുസമൂഹത്തെ പ്രാപ്തരാക്കാൻ ശേഷിയുള്ള സന്നദ്ധ സേവകരെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ഇടയിൽ നിന്ന് ശാസ്ത്രീയ പരിശീലനത്തിലൂടെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സുബൈർ കുഞ്ഞു ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ പരിശീലന പരിപാടിയാണ് 'റിസാ ടോട്ട്'. 10,000 പേർക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ റിസാ കൺസൾട്ടന്റ് ഡോ. എ.വി ഭരതൻ ഡോ. തമ്പി വേലപ്പൻ (ക്ലിനിക് ആക്ടിവിറ്റി കോർഡിനേറ്റർ), കരുണാകരൻ പിള്ള (സ്റ്റേറ്റ് കോർഡിനേറ്റർ), പി.കെ സലാം (നോർത്ത് സോൺ കൺവീനർ, കേരളം), ജോർജ് കുട്ടി മക്കുളത്ത് (സൗത്ത് സോൺ, കേരളം), മീരാ റഹ്‌മാൻ, പത്മിനി യു. നായർ (സ്‌കൂൾ ആക്ടിവിറ്റി കോർഡിനേറ്റർമാർ), നിസാർ കല്ലറ (പബ്ലിസിറ്റി കൺവീനർ), ജഹീർ എൻജിനീയർ (ഐ.ടി വിഭാഗം), സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഡോ. നജീബ് (ജിദ്ദ), ഷമീർ യുസഫ് (ജുബൈൽ), നൗഷാദ് ഇസ്മായിൽ (ദമ്മാം) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Under Subair Kunju Foundation, 'Riza Tot' online assessment test will be held in Saudi tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.