മികച്ച ടൂറിസം വില്ലേജിനുള്ള യു.എൻ അവാർഡ് ദാന ചടങ്ങ് അൽ-ഉലയിൽ

റിയാദ്: മികച്ച ടൂറിസം വില്ലേജിനുള്ള യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ അവാർഡ് ദാന ചടങ്ങിന് ഞായർ, തിങ്കൾ ദിവസങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ ഓപൺ മ്യൂസിയമായ അൽ-ഉല ആതിഥേയത്വം വഹിക്കും.കാലിഫോർണിയ ആസ്ഥാനമായുള്ള അമേരിക്കൻ സ്ട്രീമിംഗ് ടെലിവിഷൻ ശൃംഖലയായബി ടി.വിയുടെ ആദ്യ യോഗവും ഇതോടൊപ്പം നടക്കും.

തങ്ങളുടെ പ്രതിനിധികളുടെ ആദ്യ ഓഫ് ലൈൻ യോഗ ത്തിന്റെ വേദി സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ ജനപ്രിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന അൽഉലയിലാക്കാനുള്ള ബി.ടി.വി തീരുമാനം ശ്രദ്ധേയമാണ്. പ്രേക്ഷകാനുഭവങ്ങൾ,മികച്ച സമ്പ്രദായങ്ങൾ, സാമൂഹിക ശാക്തീകരണം, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ അറിവ് പങ്കിടുന്ന യോഗം, നെറ്റ്‌വർക്കിന്റെ കഴിഞ്ഞ കൊല്ലത്തെ പ്രവർത്തനം അവലോകനം ചെയ്യുകയും ഇക്കൊല്ലത്തെ പ്രവർത്തന പദ്ധതിയിൽ ചർച്ച നടത്തുകയും ചെയ്യും.

സാംസ്കാരികവും പ്രകൃതിദത്തവുമായ ആസ്തികളുള്ള ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബി.ടി.വിയുടെ കഴിഞ്ഞ വർഷത്തെ 'ബെസ്റ്റ് ഓൾഡ് വില്ലേജ്' പുരസ്‌കാരം അൽ ഉലയ്ക്കാണ് ലഭിച്ചത്. കണ്ണാടിയിൽ പൊതിഞ്ഞ ലോകത്തെ ഏറ്റവും വലുതും ഗിന്നസ് ലോക റെക്കോഡ് നേടിയതുമായ കെട്ടിടത്തിലാണ് യു.എൻ അവാർഡ് ദാനവും ബി.ടി.വി പ്രതിനിധി സംഗമവും നടക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിക്കായി ഒത്തുചേരും. യുഎൻ. വേൾഡ് ടൂറിസം ഓർഗനൈസേഷൻസെക്രട്ടറി ജനറൽ സുറാബ് പൊളോലികാഷ്വിലി ചടങ്ങിൽ പങ്കെടുക്കും. വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ അവാർഡ് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത് അഭിമാനാർഹമാണെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ് പ്രതികരിച്ചു.

2022 ലെ ലോക ഗ്രാമീണ വിനോദ സഞ്ചാര പട്ടികയിൽ അൽഉലയെ ഉൾപ്പെടുത്തിയത് സാംസ്കാരിക പുനരുജ്ജീവനത്തിനായി അൽ ഉല റോയൽ കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണെന്ന് സി.ഇ.ഒ എൻജി. അംറ് അൽ-മദനി പറഞ്ഞു. ഇത്തരം ലോക സമ്മേളനങ്ങളുടെ ഒരു പ്രധാന വേദിയായി അൽ ഉലയും 'കണ്ണാടി മാളിക'യും മാറുമെന്നതാണ് തങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - UN Award Ceremony for Best Tourism Village in Al-Ula'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.