ഉംറ തീർഥാടകരുമായെത്തുന്ന വിമാനങ്ങൾ   ഹജ്ജ്  ടെർമിനലിലേക്ക് തിരിച്ചുവിടും 

ജിദ്ദ: തിരക്ക് കുറക്കാൻ ഉംറ തീർഥാടകരുമായെത്തുന്ന മുഴുവൻ വിമാനങ്ങളും  ഹജ്ജ്^ഉംറ ടെർമിനലിലേക്ക് തിരിച്ചുവിടുമെന്ന് ജിദ്ദ വിമാനത്താവള  പബ്ളിക് റിലേഷൻ മേധാവി തുർക്കി അൽ ദീബ് പറഞ്ഞു. ഉംറ സീസണിലെ തിരക്ക് നേരിടാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഹജ്ജ് ടെർമിനലിലേക്ക് വിമാനങ്ങൾ തിരിച്ചുവിടുന്നത് യാത്രാനടപടികൾ എളുപ്പമാക്കാൻ വിമാനത്താവളത്തിലെ മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
 തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഒരോ വകുപ്പും കഴിയുന്നത്ര ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉംറ സീസണായതും പുതിയ വിമാനക്കമ്പനികളുടെ ആഭ്യന്തര വിദേശ സർവീസുകൾ കൂടിയതും കാരണം വിമാനത്താവളത്തിലെ തിരക്ക് കൂടിയിട്ടുണ്ട്. ശവാൽ 10 വരെ ഉംറ തീർഥാടകരുടെ വരവ് തുടരും. ഹജ്ജ് ഉംറ സീസണുള്ളതിനാൽ ജിദ്ദ വിമാനത്താവളത്തിൽ എപ്പോഴും തിരക്കാണ്. പോയ വർഷം 31 ദശലക്ഷം യാത്രക്കാരെ ജിദ്ദ വിമാനത്താവളം സ്വീകരിച്ചിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിന് ഉൾക്കൊള്ളാവുന്നതിനേക്കാൾ മൂന്നിരട്ടിയാണിത്. ഹജ്ജ് ടെർമിനലിൽ സേവനത്തിനായി ഗവൺമെൻറ് സ്വകാര്യ മേഖലയിലെ 27 വകുപ്പുകൾ രംഗത്തുണ്ട്. സ്വീകരിക്കാനും യാത്രയയക്കാനും ഏഴ് വീതം ഹാളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഉംറ സീസൺ തുടങ്ങിയതു മുതൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം വഴി 2588357 തീർഥാടകരെത്തിയതായി വിമാനത്താവള ഓഫീസ് അറിയിച്ചു. സഫർ മാസം മുതൽ റജബ് ആദ്യം വരെയുള്ള കണക്കാണിത്. ഇതേ കാലയളവിൽ 2632007 പേർ തിരിച്ചുപോകുകയും ചെയ്തിട്ടുണ്ട്.
അതേ സമയം, ജിദ്ദ വിമാനത്താവളത്തിലും ജിദ്ദ ഇസ്ലാമിക് പോർട്ടിലുമുള്ള ഇരുഹറം കാര്യാലയത്തിന് കീഴിലെ ഹജ്ജ് ഉംറ ഓഫീസ് ഒരുമാസത്തിനിടയിൽ 50000ത്തിലധികം പേർക്ക് സേവനം നൽകി. വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിലും ഇസ്ലാമിക് പോർട്ടിലും രണ്ട് സമയങ്ങളായി തീർഥാടകരുടെ സേവനത്തിന് ഹജ്ജ് ഉംറ കാര്യ ഓഫീസ് പ്രവർത്തിക്കുന്നതായി   മേധാവി ഫൈസൽ മദനി പറഞ്ഞു. സൗത്ത് ടെർമിനലിൽ കൗണ്ടർ ഉടനെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.