സൗദി ടൂറിസം മന്ത്രി അഹമദ് അൽ ഖതീബ്
റിയാദ്: പുതിയ സീസണിൽ ഉംറ വിസ അനുവദിക്കാൻ സൗദിയിലെ താമസകേന്ദ്രങ്ങളുമായുണ്ടാക്കുന്ന കരാർ നിർബന്ധമാക്കിയ നടപടി വിദേശ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനുള്ളതാണെന്ന് സൗദി ടൂറിസം മന്ത്രി അഹമദ് അൽ ഖതീബ് പറഞ്ഞു.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഹോട്ടൽ, അപ്പാർട്ട്മെന്റ്, മറ്റു താമസകേന്ദ്രങ്ങൾ എന്നിവയുമായി തീർഥാടകരെ കൊണ്ടുവരുന്ന ഉംറ സർവിസ് കമ്പനികളും ഏജൻസികളും ഏർപ്പെടുന്ന ഉടമ്പടി രേഖ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. ഇക്കാര്യത്തിൽ ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബീഅയുമായുള്ള ക്രിയാത്മക സഹകരണത്തെ മന്ത്രി പ്രശംസിച്ചു.
ടൂറിസം, ഉംറ മേഖലകൾ തമ്മിലുള്ള സംയോജനം സൗദിയുടെ പദവിക്കും തീർഥാടകർക്കും ഉംറ സ്ഥാപനങ്ങൾക്കും സേവനം നൽകുന്നതിൽ അതിന്റെ പങ്കിനും അനുയോജ്യമായ വിശിഷ്ട സേവനങ്ങൾ നൽകുന്നതിനുള്ള അടിസ്ഥാന സ്തംഭങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.