മക്ക: അല്ലാഹുവിെൻറ വിളിക്കുത്തരം നൽകാൻ മനസും ശരീരവും പാകപ്പെടുത്തി പുണ്യ ഭൂമിയിലെത്തിയ മലയാളി തീർഥാടകർ മക്കയും കഅബയും പുണ്യഹറമും കൺകുളിർക്കെ കണ്ട ആത്മ നിർവൃതിയിൽ. പ്രാർഥനാ നിർഭരമായ മനസും നിറകണുകളുമായി വികാരഭരിതരായി അവർ ദൈവ ഗേഹത്തിെൻറ അങ്കണത്തിൽ ആദ്യ ചുവടുകൾ വെച്ചു. പ്രായാധിക്യവും യാത്രാ ക്ഷീണവും വകവെക്കാതെ വന്ന ഉടനെ തന്നെചുണ്ടിൽ തൽബിയ്യത്തു വിളികളുമായി അവർ കഅബയുടെ ചാരത്തണഞ്ഞു . എട്ട് മണിയോടെ ഹറമിൽ എത്തിത്തുടങ്ങിയ ഹാജിമാർ 11 മണിയോടെ ഉംറ നിർവഹിച്ചു താമസകേന്ദ്രങ്ങളിലേക്ക് തിരിച്ചു. ആദ്യ ഉംറ നിർവഹിച്ചപ്പോൾ ജീവിതം സഫലമായതിെൻറ നിർവൃതിയിലായിരുന്നു ഹാജിമാർ. ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസുകളിൽ വളണ്ടിയർമാരോടൊപ്പമാണ് ഹാജിമാർ ഹറമിലെത്തിയത് .
രാവിലെ 11 മണിയോടെ ജിദ്ദ വിമാനത്താവളത്തിലെത്തിയ ഹാജിമാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ എത്തുമ്പോൾ വൈകിട്ട് അഞ്ചു മണി ആയിരുന്നു. 300 പേരാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത് . അസീസിയ ബിൻ ഹുമൈദിലെ ബ്രാഞ്ച് നമ്പർ അഞ്ചിൽ 270, 276 ബിൽഡിങ്ങുകളിലാണ് ആദ്യസംഘത്തിനു താമസം ഒരുക്കിയത്.
ഹാജിമാരെ സ്വീകരിക്കാനും സഹായങ്ങൾക്കുമായി വിമാനത്താവളത്തിലും മക്കയിലും മലയാളി വളണ്ടിയർമാരുടെ വൻസംഘം തന്നെയുണ്ടായിരുന്നു. ഹാജിമാർ താമസിക്കുന്ന അസീസിയ ബിൻ ഹുമൈദയിൽ ഉച്ച മുതൽ നിരവധി മലയാളി സന്നദ്ധ സംഘടനാപ്രവർത്തകർ ഹാജിമാരെ സ്വീകരിക്കാൻ തമ്പടിച്ചിരുന്നു.
ജന്മനാട്ടിൽ നിന്നെത്തിയവർക്ക് വിവിധ വിഭവങ്ങളുമായി അവർ മണിക്കൂറുകൾ കാത്തു നിന്നു. മക്ക ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികളും മറ്റു സംഘടനാവളണ്ടിയർമാരും കാരക്ക, കഞ്ഞി, നമസ്ക്കാര വിരിപ്പ് തുടങ്ങിയ വിവിധ ഉപഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
സ്നേഹോഷ്മള സ്വീകരണത്തിൽ തീർഥാടകരുടെ മനം നിറഞ്ഞു . ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മക്ക ഹജ്ജ് വെൽഫെയർ ഫോറം, കെ എം.സി.സി , തനിമ, ഫ്രറ്റേണിറ്റി ഫോറം, രിസാല സ്റ്റഡി സർക്കിൾ, വിഖായ തുടങ്ങി വിവിധ സംഘടനകളുടെ വളണ്ടിയർമാരും ആവേശപൂർവ്വമാണ് ഹാജിമാരെ എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.