ട്രോജെനയിൽ കൃത്രിമ മഞ്ഞ് സൃഷ്ടിക്കാനുള്ള ശ്രമം വിജയകരം

റിയാദ്: നിയോം പദ്ധതി പ്രദേശത്തെ  വിനോദ സഞ്ചാര കേന്ദ്രമായ ട്രോജെനയിലെ സറാവത്ത് പർവത നിരകളിൽ മഞ്ഞ് സൃഷ്ടിക്കാനുള്ള ശ്രമം വിജയകരം. സ്‌നോ മേക്കിങ് ടെക്‌നിഷ്യനായ ജാക് ലോറിയാണ് പർവത നിരകളിൽ സ്‌കീയിങ്ങിന് ഉപയോഗിക്കാൻ കഴിയുന്ന കൃത്രിമ മഞ്ഞുണ്ടാക്കിയത്. സൗദിയിലെ തണുത്ത കാലാവസ്‌ഥയിലെ താപനില എട്ട് ഡിഗ്രി സെൽഷ്യസ് ആയിരുന്നത് മഞ്ഞ് ഉണ്ടാക്കാൻ സഹായിച്ചതായി ജാക്ക് ലോറി വിശദീകരിച്ചു.സൗദി അറേബ്യയിൽ ആദ്യമായി വന്ന് സ്കീയിങ് നടത്തുന്നവരിൽ ഒരാളായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.


ട്രോജെനയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിക്കും വിധം ആദ്യത്തെ സ്കേറ്റർമാരിൽ അവസരം ലഭിച്ചവരിൽ സൗദി വിദ്യാർഥിനി ഹയ അൽ-റാഷിദും ഉൾപ്പെടുന്നു. സ്വന്തം രാജ്യത്ത് സ്കീയിങ് ചെയ്യാൻ കഴിയുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഹയ പ്രതികരിച്ചു. വിനോദത്തിന്റെ ഭാഗമായി സ്കീയിങ് ഇഷ്ടപ്പെടുന്ന ഹയ ട്രോജെന പദ്ധതിയുടെ ഭാഗമായതിൽ അഭിമാനം പ്രകടിപ്പിച്ചു. സ്വന്തം രാജ്യത്ത് സ്‌നോ ബോർഡ് ചെയ്തുകൊണ്ട് റോയൽ ഗാർഡിന്റെ കാപ്റ്റൻ കൂടിയായ മെക്കാനിക്കൽ എൻജിനിയർ ഫൈസൽ അൽ-റഷീദ് ആദ്യത്തെ സൗദി സ്‌നോ ബോർഡർ എന്ന പദവിക്ക് അർഹനായി. ഈ നേട്ടത്തിൽ അഭിമാനവും ആവേശവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.10-ാം ഏഷ്യൻ വിന്റർ ഗെയിംസിന് (എ.ഡബ്ല്യു.ജി) 2029-ൽ ട്രോജെനയിൽ സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്.


കഴിഞ്ഞ ഒക്ടോബറിൽ കംബോഡിയയിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒ.സി.എ) ജനറൽ അസംബ്ലിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സൗദിയുടെ സന്നദ്ധത ജനറൽ അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും നിയോം കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഈ വർഷം മാർച്ചിലാണ് ട്രോജെനയെ നിയോം പദ്ധതിയുടെ പർവത വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്​.

ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യത്തെ അടിസ്ഥാനമാക്കിയാണ് മേഖലയിലെ ടൂറിസത്തിന്റെ കേന്ദ്രമായി ട്രോജെനയെ തെരഞ്ഞെടുത്തതെന്ന് കിരീടാവകാശി വ്യക്തമാക്കുകയും ചെയ്തു. 

Tags:    
News Summary - Trojan area is new tourisam spot in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.