ജിദ്ദ: സൗദി പൗരന്മാരുടെ തൊഴിൽ പരിശീലനവും തൊഴിൽ നൈപുണ്യവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാനവ വിഭവശേഷി വികസന ഫണ്ട് (ഹദഫ്) സ്വകാര്യ സ്ഥാപനമായ ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറ് ആൻഡ് ഡെവലപ്മെൻറ് കമ്പനിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു. കരാറിെൻറ ഭാഗമായി 5,500 സൗദി പൗരന്മാർക്ക് പരിശീലനവും തൊഴിൽ അവസരങ്ങളും ലഭ്യമാക്കും. മാനവ മൂലധനത്തിൽ നിക്ഷേപം വർദ്ധിപ്പിക്കുക, ദേശീയ കഴിവുകൾ വളർത്തിയെടുക്കുക, തൊഴിൽ വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവയിലൂടെ സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ഈ കരാറിലൂടെ കൂടുതൽ ശക്തമാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അൽ ഖസിം പ്രവിശ്യാ ഗവർണർ അമീർ ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസിെൻറ സാന്നിധ്യത്തിലാണ് ഒപ്പുവയ്ക്കൽ ചടങ്ങ് നടന്നത്. മാനവ വിഭവശേഷി വികസന ഫണ്ട് ബിസിനസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫിറാസ് ബിൻ അബ്ദുൽ അസീസ് അബ അൽ ഖൈലും, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറ് ആൻഡ് ഡെവലപ്മെൻറ് കമ്പനി സി.ഇ.ഒ. നായിഫ് അൽ ദഹ്ംഷിയും കരാറിൽ ഒപ്പുവച്ചു.
സ്വകാര്യ മേഖലയുമായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഹ്യൂമൻ റിസോഴ്സസ് മാനേജ്മെൻറ് ആൻഡ് ഡെവലപ്മെൻറ് കമ്പനിയുടെ നയങ്ങൾക്ക് വേഗം കൂട്ടുന്നതാണ് ഈ കരാർ. വിവിധ മുൻഗണനാ മേഖലകളിലെ മാറ്റങ്ങൾക്കും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കും അനുസൃതമായി സ്വദേശി പ്രതിഭകളെ സജ്ജരാക്കുക, തൊഴിൽ ശക്തിയുടെ സന്നദ്ധതയും മത്സരശേഷിയും വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
തൊഴിൽ പിന്തുണ, ജോലിസ്ഥലത്തെ പരിശീലനം, ഇ-ലേണിങ്, ശാക്തീകരണ പരിപാടികൾ തുടങ്ങി ഫണ്ടിെൻറ വിവിധ പദ്ധതികളുടെയും സേവനങ്ങളുടെയും ആനുകൂല്യം സ്വദേശികൾക്ക് ഉറപ്പാക്കുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യം. പങ്കാളികൾക്ക് പ്രായോഗിക നൈപുണ്യവും അനുഭവപരിജ്ഞാനവും നൽകുന്നതിനൊപ്പം, പരിശീലനത്തെ സ്വകാര്യ മേഖലയുടെ ആവശ്യങ്ങളുമായി കൃത്യമായി ബന്ധിപ്പിക്കാനും ഗുണനിലവാരമുള്ള സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.
സ്വദേശിവത്കരണ നിരക്ക് കൂട്ടാനും ദേശീയ തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും അൽ ഖസീം മേഖലയിലെ സാമ്പത്തിക വികസനത്തിന് ഊർജ്ജമേകാനും ഈ സംരംഭങ്ങൾ ഉപകരിക്കും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്തിെൻറ തൊഴിൽ വിപണി ശക്തിപ്പെടുത്താനുള്ള ഫണ്ടിെൻറ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് കരാർ നിലവിൽ വന്നത്.മാനവ വിഭവശേഷി വികസന ഫണ്ടിെൻറ പിന്തുണയോടെ 2025-ൽ 5.6 ലക്ഷത്തിലധികം സൗദി പൗരന്മാർക്കാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത്. 2024-നെ അപേക്ഷിച്ച് 29 ശതമാനത്തിെൻറ വർധനവാണിത് രേഖപ്പെടുത്തിയത്. കൂടാതെ, തൊഴിൽ പരിശീലനം, ശാക്തീകരണം തുടങ്ങിയ ഘടകങ്ങളിലൂടെ 20 ലക്ഷത്തിലധികം സ്വദേശികൾക്ക് നിലവിൽ പ്രയോജനം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.