റിയാദിൽ സ്മാർട്ട് പാർക്കിംഗ്
റിയാദ്: റിയാദ് നഗരത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ റിയാദ് പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി റിയാദിനെ ഒരു സ്മാർട്ട് സിറ്റി ആയി പരിവർത്തനം ചെയ്യുന്നതിനായുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. ഈ സംയോജിത പാർക്കിംഗ് മാനേജ്‌മെന്റ് പദ്ധതിയുടെ ആദ്യ ഘട്ടം, തലസ്ഥാനത്തെ പാർക്കിംഗ് സംവിധാനത്തെ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളുന്നു:
20,000-ത്തിലധികം പണം നൽകേണ്ട പാർക്കിംഗ് സ്ഥലങ്ങൾ പ്രധാന വാണിജ്യ കേന്ദ്രമായ തെരുവുകളിൽ ഒരുക്കിയിട്ടുണ്ട്. ഇത് വാണിജ്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. താമസക്കാർക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, നിയന്ത്രിത റെസിഡൻഷ്യൽ ഏരിയകളിൽ 3,00,000-ത്തിലധികം സൗജന്യ പാർക്കിംഗ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. വാണിജ്യ വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് അതിക്രമിച്ച് കടക്കുന്നത് തടയാൻ ഇത് സഹായിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമായും നഗരത്തിലെ സുപ്രധാന മേഖലകളായ അൽവുറൂദ്, റഹ്മാനിയ, അൽമുറൂജ്, അൽസുലൈമാനിയ, കിങ് ഫഹദ് എന്നിവിടങ്ങളിലാണ് നടപ്പിലാക്കിയിരിക്കുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. റിയാദ് പാർക്കിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ്. പരിസ്ഥിതി സൗഹൃദപരമായ സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് പേയ്മെന്റ് ഉപകരണങ്ങൾ, എളുപ്പത്തിൽ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് സൈനേജുകൾ എന്നിവ സംവിധാനത്തിന്റെ ഭാഗമാണ്.
ഉപയോക്താക്കൾക്ക് ഓൺ-സ്ട്രീറ്റ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനും, താമസക്കാർക്കും സന്ദർശകർക്കും സൗജന്യ റെസിഡൻഷ്യൽ പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകുന്നതിനും ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. പണം നൽകേണ്ട പാർക്കിംഗ് സ്ഥലങ്ങളിൽ, ചെറിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോക്താക്കൾക്ക് 15 മിനിറ്റ് സൗജന്യ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. ഓൺ സ്ട്രീറ്റ് പാർക്കിംഗിന് പുറമെ, പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ഓഫ് സ്ട്രീറ്റ് പാർക്കിംഗ് പദ്ധതിയും അധികമായി അവതരിപ്പിച്ചു. തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളിൽ സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ മൊത്തത്തിലുള്ള പാർക്കിംഗ് ലഭ്യത വർധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിടുന്നു. ഈ സംയോജിത സമീപനം പൊതു പാർക്കിംഗ് സ്ഥലങ്ങൾ ചിട്ടപ്പെടുത്തുന്നതിനും, വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, തലസ്ഥാനത്തെ ദൈനംദിന യാത്രകൾ സുഖകരമാക്കുന്നതിനും സഹായിക്കും. റിയാദിനെ കൂടുതൽ ചിട്ടയുള്ളതും സൗകര്യപ്രദവുമായ നഗരമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടാണ് പുതിയ പദ്ധതിക്ക് പിന്നിലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.