റിയാദ്: കേളി കലാ സാംസ്കാരികവേദി രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യന് രക്ഷാധികാരി സമിതി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദ് മലസ് ചെറീസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. റിയാദിൽ സാമൂഹിക, സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന ടി.ആർ. സുബ്രഹ്മണ്യൻ തൃശൂർ സ്വദേശിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രവർത്തന മണ്ഡലം കോഴിക്കോടായിരുന്നു. അവിടെ ഉപരിപഠനം പൂർത്തിയാക്കിയ സുബ്രഹ്മണ്യൻ 1990 മുതലാണ് ഗൾഫിലെത്തുന്നത്. എസ്.എഫ്.ഐയിലൂടെ സംഘടന പ്രവർത്തനം തുടങ്ങി സമരങ്ങളുടെ ഭാഗമായി നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. 2001ലാണ് റിയാദിലെത്തുന്നത്. 2010-ഓടെ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ കേളി കലാസാംസ്കാരികവേദിയിൽ അംഗമാകുകയും റിയാദിലെ സാംസ്കാരിക രംഗത്ത് സജീവമാവുകയും ചെയ്തു. തുടർന്ന് കേളിയുടെ ബത്ഹ ഏരിയ മർഖബ് യൂനിറ്റ് അംഗമായി, കേളി കേന്ദ്രകമ്മിറ്റി അംഗം, കേന്ദ്ര ജോ.സെക്രട്ടറി, വൈസ് പ്രസിഡൻറ്, സെക്രട്ടറി, രക്ഷാധികാരി സമിതിയംഗം, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, സാംസ്കാരിക കമ്മിറ്റി കൺവീനർ, സൈബർ വിങ് കൺവീനർ, സാംസ്കാരിക പ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്മയായ ചില്ല സർഗവേദിയുടെ കോഓഡിനേറ്റർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.
കൂടാതെ റിയാദിലെ വിവിധ കൂട്ടായ്മകളുടെ സാംസ്കാരിക വേദികളിലെ സജീവസാന്നിധ്യമായിരുന്നു. യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി കെ.പി.എം. സാദിഖ്, കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ചേർന്നും മലസ് - ഒലയ്യ, മർഖബ്, സുലൈ എന്നീ ഏരിയ രക്ഷാധികാരി സമിതികൾക്ക് വേണ്ടിയും മർഖബ് യൂനിറ്റിനും സാംസ്കാരിക സബ് കമ്മിറ്റിക്ക് വേണ്ടിയും ഓർമ ഫലകങ്ങൾ സമ്മാനിച്ചു. മുസാഹ്മിഅ, ന്യൂ സനാഇയ്യ, സനാഇയ്യ അർബഹീൻ, അൽഖർജ്, നസീം, ഉമ്മുൽ ഹമാം എന്നീ ഏരിയ രക്ഷാധികാരി സമിതി ഭാരവാഹികൾ പൊന്നാടയണിയിച്ചു. സുലൈ, മലസ്, ഒലയ്യ, അസീസിയ, ബത്ഹ, ബദിഅ, റൗദ എന്നീ രക്ഷാധികാരി സമിതികളും സനാഇയ്യ അർബഹീൻ, അസീസിയ, ബത്ഹ എന്നീ ഏരിയാകമ്മിറ്റികളും ഉപഹാരങ്ങൾ നൽകി. അസീസിയ ഏരിയയുടെ ജോ.സെക്രട്ടറി സുഭാഷ് വരച്ച ടി.ആർ. സുബ്രഹ്മണ്യന്റെ രേഖാചിത്രവും വേദിയിൽവെച്ച് കൈമാറി. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി സ്വാഗതവും ടി.ആർ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.