ചെങ്കടൽ തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
ജിദ്ദ: സൗദി അറേബ്യയുടെ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് റെഡ് സീ അതോറിറ്റി ആദ്യമായി ബീച്ച് ഓപറേറ്റർമാർക്കായി സമഗ്രമായ നിബന്ധനകൾ പുറപ്പെടുവിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തെ സുസ്ഥിരമായ സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സമുദ്ര വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് പുതിയ മാർഗനിർദേശങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. കേവലം വിനോദം മാത്രമല്ല, പരിസ്ഥിതി സൗഹൃദമായ ഒരു പുതിയ ടൂറിസം സംസ്കാരമാണ് രാജ്യത്ത് കെട്ടിപ്പടുക്കുന്നത്.
പുതിയ നിയമമനുസരിച്ച്, എല്ലാ ബീച്ച് വികസന പ്രവർത്തനങ്ങളും സൗദി ബിൽഡിങ് കോഡ് പ്രകാരമുള്ള നിർമാണ, വാസ്തുവിദ്യ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ലോകോത്തര പരിസ്ഥിതി ലേബലായ ‘ബ്ലൂ ഫ്ലാഗ്’ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ ഗുണനിലവാരം പുലർത്താൻ ഓപറേറ്റർമാർ ബാധ്യസ്ഥരാണ്. ഇതിൽ സമുദ്ര പരിസ്ഥിതി സംരക്ഷണം, ജലത്തി ഗുണനിലവാരം, സൗകര്യങ്ങളുടെ ലഭ്യത എന്നിവ പ്രധാനമാണ്. കൂടാതെ, ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങൾ ഒരുക്കണമെന്നതും സുരക്ഷാ, പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിക്കണമെന്നതും പുതിയ നിബന്ധനകളിൽ എടുത്തുപറയുന്നുണ്ട്.
ബീച്ച് ഓപറേറ്റിങ് ലൈസൻസ് ലഭിക്കുന്നതിന് കൃത്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. സാധുവായ വാണിജ്യ രജിസ്ട്രേഷൻ, പരിസ്ഥിതി അനുമതി പത്രം, സുരക്ഷാ പദ്ധതി, ബീച്ചിന്റെ ശേഷി പരിശോധിച്ചുള്ള റിപ്പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നീന്തൽ മേഖലകളെ മറ്റ് ജലവിനോദ മേഖലകളിൽനിന്ന് പ്രത്യേകം വേർതിരിക്കണം. ആവശ്യത്തിന് ലൈഫ് ഗാർഡുകൾ, സുരക്ഷാ അടയാളങ്ങൾ, രക്ഷാപ്രവർത്തന ഉപകരണങ്ങൾ എന്നിവ നിർബന്ധമായും ബീച്ചുകളിൽ സജ്ജീകരിച്ചിരിക്കണം. ശുദ്ധജല ലഭ്യതയും പൊതു ശുചിത്വവും ഉറപ്പുവരുത്തേണ്ടത് ഓപറേറ്ററുടെ ഉത്തരവാദിത്തമാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പുതിയ നിയമത്തിൽ അനുവദിക്കുന്നില്ല. സമുദ്രത്തിലേക്ക് മാലിന്യങ്ങൾ തള്ളുന്നതും പവിഴപ്പുറ്റുകൾക്കും കടൽത്തീരത്തെ ജൈവവ്യവസ്ഥക്കും കേടുപാടുകൾ വരുത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. എന്തെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായാൽ അത് ഉടനടി റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഓപറേറ്റർമാർ ഒരുക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ താൽക്കാലിക മുന്നറിയിപ്പ് മുതൽ ലൈസൻസ് റദ്ദാക്കുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് കാത്തിരിക്കുന്നത്.
റെഡ് സീ അതോറിറ്റിക്ക് ബീച്ചുകളിൽ ഏതുസമയത്തും പരിശോധന നടത്താനും രേഖകൾ ആവശ്യപ്പെടാനും അധികാരമുണ്ടാകും. പുതിയ നിയമം പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെങ്കിലും, നിലവിലുള്ള ഓപറേറ്റർമാർക്ക് നിയമങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്താൻ ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ മാറ്റം സൗദിയിലെ തീരദേശ ടൂറിസം മേഖലക്ക് ആഗോള അംഗീകാരം നൽകുന്നതിനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും സഹായിക്കും. സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും ആസ്വാദ്യകരവുമായ ഒരു അനുഭവം ഇതിലൂടെ ലഭിക്കുമെന്ന് അതോറിറ്റി ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.