റിയാദ്: കഴിഞ്ഞ 12 മണിക്കൂറിനിടെ സൗദി അറേബ്യയുടെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ 56 ശത്രു ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ആക്രമണശ്രമങ്ങളെ പ്രതിരോധ സേന ശക്തമായി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഇന്ന് റിയാദിലെ നയതന്ത്ര മേഖല (ഡിപ്ലോമാറ്റിക് ക്വാർട്ടർ), ഖർജ്, കിഴക്കൻ-മധ്യ പ്രവിശ്യകൾ എന്നിവ ലക്ഷ്യമിട്ടെത്തിയ 18 ഡ്രോണുകളാണ് ഏറ്റവും ഒടുവിലായി തകർത്തത്. ഇതിനുപുറമെ, വ്യോമാതിർത്തി ലംഘിച്ച 28 ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിൽ നിന്നുതന്നെയുള്ള പത്ത് ഡ്രോണുകളും പ്രതിരോധ സേന വെടിവെച്ചിട്ടു. കഴിഞ്ഞ ദിവസം മാത്രം ശത്രുക്കൾ അയച്ച 49 ഡ്രോണുകളാണ് സൈന്യം നശിപ്പിച്ചത്. ഇതിൽ 30 എണ്ണം കിഴക്കൻ പ്രവിശ്യയിലും 18 എണ്ണം റുബ്അൽ ഖാലി വഴി ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയവയുമായിരുന്നു.
ഡ്രോണുകൾക്ക് പുറമെ മിസൈൽ ആക്രമണങ്ങളെയും സൈന്യം പരാജയപ്പെടുത്തി. അമീർ സുൽത്താൻ എയർബേസിനും കിഴക്കൻ പ്രവിശ്യയ്ക്കും നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. റിയാദിലെ നയതന്ത്ര മേഖലയ്ക്ക് സമീപം എത്തിയ മറ്റൊരു ഡ്രോണും സൈന്യം വീഴ്ത്തി.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഏത് വെല്ലുവിളിയെയും നേരിടാൻ സൗദി പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.