സിനിമ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ ‘റെഡ് സീ ലാബ്‌സ്’

ജിദ്ദ: ലോകമെമ്പാടുമുള്ള വളർന്നുവരുന്ന ചലച്ചിത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ ആവിഷ്കരിച്ച ഫീച്ചർ ഫിലിം വികസന പരിപാടിയുടെ പുതിയ പതിപ്പ് പ്രഖ്യാപിച്ചു. മുൻപ് ‘ദ ലോഡ്ജ്’ എന്ന ഈ ശ്രദ്ധേയമായ പദ്ധതി ഇനി മുതൽ ഫൗണ്ടേഷെൻറ വിദ്യാഭ്യാസ വിഭാഗമായ ‘റെഡ് സീ ലാബ്‌സി’ന് കീഴിലാകും പ്രവർത്തിക്കുക.

വെറുമൊരു പേരുമാറ്റത്തിനപ്പുറം, ആഗോള നിലവാരമുള്ള സിനിമ നിർമാണത്തിന് കൂടുതൽ കരുത്തുപകരുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷത്തെ തീവ്രമായ പരിശീലന പരിപാടിക്കായി സൗദി അറേബ്യയിൽനിന്നുള്ള മൂന്ന് പ്രോജക്ടുകളും ഒമ്പത് അന്താരാഷ്ട്ര പ്രോജക്ടുകളും ഉൾപ്പെടെ ആകെ 12 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സൗദി അറേബ്യ, അറബ് ലോകം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നവാഗത സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമാണ് ഈ പരിപാടി പ്രധാനമായും ഊന്നൽ നൽകുന്നത്. മുൻകാല അനുഭവങ്ങളുടെ കരുത്തിൽ, സിനിമ മേഖലയിലെ കരിയർ പാത കൂടുതൽ വ്യക്തമാക്കുന്ന രീതിയിലുള്ള ഘടനാപരമായ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്.തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകൾക്ക് ചലച്ചിത്ര രംഗത്തെ പ്രമുഖ വിദഗ്ധരുടെ മേൽനോട്ടത്തിൽ വ്യക്തിഗത മെന്ററിങ് സെഷനുകൾ, തിരക്കഥാ വികസനം, നിർമാണ സംബന്ധമായ സാങ്കേതിക ഉപദേശങ്ങൾ എന്നിവ ലഭ്യമാക്കും.

കൂടാതെ, ആഗോള സിനിമാ വിപണിയെ അടുത്തറിയുന്നതിനും അന്താരാഷ്ട്ര പ്രഫഷനൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം മികച്ച അവസരമൊരുക്കുന്നു. പരിശീലനം പൂർത്തിയാക്കുന്ന പ്രോജക്ടുകൾ അടുത്ത റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിെൻറ വേദിയിൽ വെച്ച് പ്രശസ്തരായ നിർമാതാക്കൾക്കും വിതരണക്കാർക്കും മുന്നിൽ അവതരിപ്പിക്കാനുള്ള സുവർണാവസരവും അണിയറപ്രവർത്തകർക്ക് ലഭിക്കും. ഇത് സിനിമകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനും അന്താരാഷ്ട്ര വിപണിയിൽ ഇടംപിടിക്കുന്നതിനും വളരെയേറെ സഹായകമാകും.

ഒരു ചലച്ചിത്രകാരന്റെ സർഗാത്മകമായ വളർച്ചയും സിനിമയുടെ ആഗോളതലത്തിലുള്ള വിപണന സാധ്യതകളും മുൻനിർത്തിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് റെഡ് സീ ലാബ്‌സ് മേധാവി റയാൻ ആശൂർ പറഞ്ഞു. സിനിമാ നിർമാണത്തിെൻറ സൂക്ഷ്മമായ വശങ്ങൾ പഠിച്ചെടുക്കാനും ആഗോള വേദികളിലേക്ക് ചുവടുവെക്കാനുമുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Red Sea Labs' to give wings to film dreams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.