ജിദ്ദ: സൗദി അറേബ്യയുടെ തേൻ തലസ്ഥാനമാണ് അസീർ. ഏതുകാലാവസ്ഥയിലും വർഷം മുഴുവൻ തേൻ ഉൽപാദിപ്പിക്കുന്ന ഇവിടത്തെ കർഷകരുടെ കഥ ലോകപ്രശസ്തവുമാണ്. സവിശേഷ അതിജീവനശേഷിയുള്ള പ്രത്യേകയിനം തേനീച്ചകളാണ് അസീറിലേത്. ഗുണനിലവാരമേറിയ പ്രകൃതിദത്ത തേൻ ഉൽപാദിപ്പിക്കാനായി ഋതുപരിണാമങ്ങൾക്കനുസരിച്ച് തേനീച്ചക്കൂടുകളുമായി കർഷകർ ദേശാടനം നടത്തുന്നു. കാലാവസ്ഥക്കും മഴക്കും അനുസരിച്ച് ആയിരക്കണക്കിന് തേനീച്ചകോളനികളുമായി അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. വേനൽ കടുക്കുേമ്പാൾ താഴ്വരകളിൽ നിന്ന് കർഷകർ സറാവത് മലനിരകളിലേക്ക് കയറും. ഏതുവേനലിലും സുഖകരമായ കാലാവസ്ഥയുള്ള സറാവതിൽ തേനീച്ചകൾക്ക് പ്രിയപ്പെട്ട പുഷ്പസസ്യങ്ങളും വലിയ മരങ്ങളും ധാരാളമുണ്ട്. മേന്മയേറിയ അസീറി തേനിെൻറ പ്രധാന ഉൽപാദനമേഖലയാണിത്.
തിഹാമ താഴ്വരകളിൽ നിന്നാണ് തേനീച്ച കർഷകരുടെ ഇൗ ദേശാടനം ആരംഭിക്കുന്നത്. സമർ, അൽസലാം മരങ്ങൾ പുഷ്പിക്കുന്ന തിഹാമയിലെ വസന്തകാലത്തിനൊടുവിലാണ് സറാവത്തിലേക്കുള്ള കയറ്റം തുടങ്ങുന്നത്. വേനൽ ചൂടിൽ നിന്ന് തേനീച്ചകോളനികളെ രക്ഷിക്കാനാണ് മലകയറുന്നതെന്ന് അസീർ അൽമജരദയിലെ കർഷകൻ മുഹമ്മദ് അബ്ദുഅൽശഹ്രി പറയുന്നു. അതിനൊപ്പം തിഹാമയിൽ അതുവരെ കിട്ടിയ തേനിൽ നിന്ന് രുചിയിലും ഗുണത്തിലും വ്യത്യസ്തമായ തേൻ ഉൽപാദിപ്പിക്കുകയും ലക്ഷ്യമാണ്. മലനിരകളിൽ തഴച്ചു വളരുന്ന അൽതൽഹ്, അൽദറ്ം, അൽശറ്ം എന്നീ വൃക്ഷങ്ങളിലെ പൂക്കളാണ് ഇൗ വ്യത്യസ്തത നൽകുന്നത്.
പരിസ്ഥിതി, കാർഷിക മന്ത്രാലയത്തിെൻറ കണക്ക് പ്രകാരം അസീറിൽ മാത്രം 5,656 തേനീച്ച കർഷകരാണുള്ളത്. ഇവരുടെ പക്കൽ ഉള്ള തേനീച്ച കൂടുകളുടെ എണ്ണമോ, 18,09,920 ഉം. ബഹുഭൂരിപക്ഷം കർഷകരും തേനുൽപാദനത്തിന് പരമ്പരാഗത മാർഗങ്ങൾ പിന്തുടരുേമ്പാൾ ചിലർ ആധുനിക സേങ്കതങ്ങൾ ഉപയോഗിച്ചുതുടങ്ങിയിട്ടുമുണ്ട്. ഉൽപാദനക്ഷമത വർധിപ്പിക്കാൻ പുതിയ മാർഗങ്ങൾ കൊണ്ടാകുമെന്നാണ് പറയപ്പെടുന്നത്. മേഖലക്ക് പുറത്തുനിന്നുള്ള തേനീച്ചകളെ ഇവിടേക്ക് കൊണ്ടുവരുന്നതിനോട് ഇവിടത്തെ കർഷകർക്ക് താൽപര്യമില്ല. ആക്രമണകാരികളായ ചില ഇനങ്ങൾ ഇവിടത്തെ തനത് ഇനങ്ങളുമായി ഇണങ്ങിപ്പോകില്ലെന്നത് തന്നെ കാരണം. അസീറിൽ ഇല്ലാത്ത പകർച്ചവ്യാധികളോ മറ്റോ പടർന്നേക്കാമെന്നും അവർ ഭയപ്പെടുന്നു.
കാർഷികമന്ത്രാലയത്തിെൻറ നേതൃത്വത്തിൽ കർഷകരെ സഹായിക്കാനും ഉൽപാദനം വർധിപ്പിക്കാനും വലിയതോതിലുള്ള സഹായങ്ങൾ നൽകിവരുന്നുണ്ടെന്ന് അസീർ മേഖല ഡയറക്ടർ ജനറൽ ഫൈസൽ അൽസിയാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.