സുരക്ഷ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

ദമ്മാം: സൗദി അറേബ്യയിൽ സുരക്ഷ ഉദ്യോഗസ്ഥരെയും പൊലീസ് ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് ഭീകരപ്രവർത്തനങ്ങൾ നടത്തിയ മൂന്ന് സ്വദേശികളെ വധശിക്ഷക്ക്​ വിധേയമാക്കി. കിഴക്കൻ പ്രവിശ്യയിൽ ബുധനാഴ്ച ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽ അബു അബ്​ദുല്ല, മൂസ ബിൻ ജാഫർ ബിൻ അബ്​ദുല്ല അൽ സഖ്‌മാൻ, റിദ ബിൻ അലി ബിൻ മഹ്ദി അൽ അമ്മാർ എന്നീ പ്രതികളുടെ ശിക്ഷയാണ് നടപ്പാക്കിയത്.

സുരക്ഷ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ പ്രതികൾ വെടിയുതിർക്കുകയും സുരക്ഷ കാര്യാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്​തു എന്നതാണ്​ പ്രധാന കുറ്റകൃത്യങ്ങൾ. കൂടാതെ ഭീകരപ്രവർത്തനങ്ങൾക്കായി സ്‌ഫോടകവസ്തുക്കൾ നിർമിക്കുകയും ആയുധങ്ങൾ കൈവശം വെക്കുകയും ചെയ്തു. രാജ്യത്തി​ന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന വിദേശ ഭീകര സംഘടനയിൽ അംഗങ്ങളായി.

പ്രതികളെ സുരക്ഷ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതിനെത്തുടർന്ന് രാജകൽപന പ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു.

രാജ്യത്തി​ന്റെ സുരക്ഷയും സമാധാനവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നിരപരാധികളുടെ ജീവന് ഭീഷണിയുയർത്തുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ഇസ്​ലാമിക നിയമങ്ങൾ കർശനമായി നടപ്പാക്കി നീതി ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Three Saudi citizens executed for attempting to assassinate security officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.