ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യൻ കമ്മിറ്റിയുടെ ശബരിമല തീർഥാടക സേവന കേന്ദ്രം മാസ്റ്റർ പ്ലാൻ ഷാഫി പറമ്പിൽ എം.എൽ.എക്ക് ഭാരവാഹികൾ സമർപ്പിക്കുന്നു
ജിദ്ദ: പതിറ്റാണ്ടുകളായി മക്കയിലും മദീനയിലും ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനത്തിനൊപ്പം, കഴിഞ്ഞ നാലുവർഷമായി ശബരിമല തീർഥാടക സേവന കേന്ദ്രത്തിലൂടെ ഒ.ഐ.സി.സി മികച്ച സേവനമാണ് നൽകുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശബരിമല തീർഥാടക സേവന കേന്ദ്രയുടെ മണ്ഡലകാല പ്രവർത്തന മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് കോൺഗ്രസിന് അഭിമാനം നൽകുന്ന കാര്യമാണ്. യൂത്ത് കെയറിന്റെ ആംബുലൻസ് സർവിസ് ഈ പ്രവർത്തങ്ങൾക്ക് പത്തനംതിട്ടയിൽ ഉപയോഗിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഷാഫി പറമ്പിൽ തുടർന്ന് പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ പത്തനംതിട്ടയിലും പരിസരത്തും മണ്ഡലകാലത്ത് നടത്തിവരുന്ന അന്നദാനം, കുടിവെള്ളം, ചുക്കുകാപ്പി, ലഘുഭക്ഷണം വിതരണം, ഭക്തന്മാർക്ക് ഒരുക്കുന്ന താൽക്കാലിക താമസസൗകര്യം (വിരി) എന്നിവ ഈ മണ്ഡലകാലത്തുമുണ്ടാകുമെന്നും പ്രവാസി സമൂഹം ഈ കാര്യത്തിൽ നൽകുന്ന പിന്തുണക്ക് നന്ദി പറയുന്നതായും ഭാരവാഹികൾ അറിയിച്ചു.
റീജനൽ കമ്മിറ്റി പ്രസിഡന്റും ശബരിമല സേവന കേന്ദ്ര ചെയർമാനുമായ കെ.ടി.എ. മുനീർ, കൺവീനർ അനിൽകുമാർ പത്തനംതിട്ട, ജോ. കൺവീനർ രാധാകൃഷ്ണൻ കാവുമ്പായി എന്നിവർ ചേർന്ന് മണ്ഡലകാല പ്രവർത്തന പ്ലാൻ സമർപ്പിച്ചു. ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.