അർജുൻ അശോകൻ
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഹാർമോണിയസ് കേരള സീസൺ രണ്ട്’ സംഗീതോത്സവത്തിന് യുവത്വത്തിെൻറ പ്രസരിപ്പുമായി മലയാള സിനിമ താരം അർജുൻ അശോകൻ എത്തുന്നു. ‘ഗൾഫ് മാധ്യമം’ ഡിസംബർ 26ന് ദമ്മാം ഗ്രീൻ സ്പോർട്സ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന ഈ മഹാമേളയിൽ യുവതയുടെ പ്രിയ നടൻ എത്തുമ്പോൾ ഗാലറിയിൽ ആവേശം വാനോളമുയരും.
പ്രശസ്ത നടൻ ഹരിശ്രീ അശോകെൻറ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ അർജുൻ, വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സ്വന്തമായൊരു അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയത്. സൗബിൻ ഷാഹിറിെൻറ ‘പറവ’യിൽ പിതാവ് ഹരിശ്രീ അശോകൻ വഴിയാണ് അവസരം ലഭിക്കുന്നത്. ഈ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം ‘ബി.ടെക്’, ‘ജൂൺ’, ‘വരത്തൻ’ തുടങ്ങിയ സിനിമകളിലൂടെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായി മാറി. നായകനായും വില്ലനായും ഹാസ്യകഥാപാത്രമായും ഒരുപോലെ തിളങ്ങാൻ കഴിയുന്ന അർജുൻ, ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത മുഖമാണ്.യുവതലമുറ ആഘോഷമാക്കിയ 2023ലെ ഏറ്റവും വലിയ മലയാളം ഹിറ്റുകളിൽ ഒന്നായ ‘രോമാഞ്ചം’, ‘സൂപ്പർ ശരണ്യ’, ‘പ്രണയവിലാസം’ തുടങ്ങിയ ചിത്രങ്ങളിലെ അർജുെൻറ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം തകർത്തഭിനയിച്ച ‘ഭ്രമയുഗം’ പോലുള്ള ചിത്രങ്ങളിൽ തീർത്തും വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിെൻറ കഴിവ് ഏത് കഥാപാത്രവും തെൻറ കൈയിൽ ഭദ്രമാണെന്ന് തെളിയിക്കുന്നതാണ്. സ്വാഭാവികമായ അഭിനയവും പ്രേക്ഷകരുമായി പെട്ടെന്ന് സംവദിക്കാൻ കഴിയുന്ന ശൈലിയുമാണ് അർജുൻ അശോകനെ ജനപ്രിയനാക്കുന്നത്.
തമിഴിൽ കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന രവി മേനോനോടും എസ്.ജെ സൂര്യയോടുമൊപ്പമുള്ള ആക്ഷൻ കോമഡി ചിത്രം ‘ബ്രോ-കോഡ്’ ഉൾപ്പെടെ കൈനിറയെ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. 48ഓളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു കഴിഞ്ഞു. ‘ജൂണി’ലെ അഭിനയത്തിന് മികച്ച സഹനടനുള്ള സൗത്ത് ഇന്ത്യൻ ഇൻറർനാഷനൽ മൂവി അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
‘പഞ്ചാബി ഹൗസ്’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഹരിശ്രീ അശോകെൻറയും പ്രീതയുടെയും മകനായ അർജുെൻറ പങ്കാളി കൗമാരകാല സഖി നിഖിതയാണ്. ഒരു മകളുണ്ട്. ശ്രീക്കുട്ടി സഹോദരിയാണ്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് പേർ പിന്തുടരുന്ന വാഹനപ്രിയൻ കൂടിയായ അർജുൻ, ‘കാർ ബാത്ത്’ എന്ന ബ്രാൻഡിലൂടെ ബിസിനസ് രംഗത്തുമുണ്ട്.സൗദിയിലെ കലാസ്വാദകർക്കു മുന്നിലേക്ക് അർജുൻ അശോകൻ എത്തുമ്പോൾ, അത് ദമ്മാമിലെ വേദിയെ പ്രകമ്പനം കൊള്ളിക്കും. മെലഡികളുടെ രാജകുമാരൻ എം.ജി. ശ്രീകുമാർ നയിക്കുന്ന സംഗീതനിശയിൽ, നടി പാർവതി തിരുവോത്ത്, ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സഖറിയ, ഗോകുൽ ഗോപകുമാർ, നർത്തകൻ റംസാൻ മുഹമ്മദ്, ഹാസ്യകലാ താരം സിദ്ദീഖ് റോഷൻ എന്നിവർക്കൊപ്പം അർജുൻ അശോകനും ചേരുമ്പോൾ പ്രവാസലോകത്തിന് അതൊരു അവിസ്മരണീയ ഓർമകളുടെ മനോഹര സന്ധ്യയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.