റിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ 2026 വർഷത്തേക്കുള്ള സാമൂഹിക സുരക്ഷാപദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിൻ ഈ മാസം 15-ന് അവസാനിച്ചതായി നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കാമ്പയിൻ സമാപിക്കുന്നതിെൻറ അവസാന മണിക്കൂറുകളിൽ പ്രവാസികൾ കൂട്ടമായി ചേരുന്നുണ്ടെന്നും പൊതുസ്വീകാര്യത കൈവന്ന പദ്ധതിയിൽ അംഗത്വമെടുക്കാൻ സൗദിയിലെ മുഴുവൻ പ്രവാസികൾക്കും അവസരമുമുണ്ടായിരുന്നെന്നും അവർ പറഞ്ഞു.
പദ്ധതിയിൽ ചേർന്നവരും സൗദിയിൽ തുടരുന്നവരുമായ പ്രവാസികൾക്ക് അവരുടെ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 31 വരെ സമയമുണ്ടാകും. കോഴിക്കോട് ആസ്ഥാനമായുള്ള കെ.എം.സി.സി കേരള ട്രസ്റ്റാണ് പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായപദ്ധതിയായ സുരക്ഷാപദ്ധതി നടത്തിവരുന്നത്.
കഴിഞ്ഞ 12 വർഷ കാലയളവിൽ പദ്ധതിയിൽ അംഗങ്ങളായിരുന്ന 700-ഓളം പേരാണ് മരിച്ചത്. കുടുംബനാഥെൻറ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് നിരാലംബരാകുന്ന കുടുംബത്തിന് കരുത്തും തണലുമാവുകയാണ് ഈ പദ്ധതി. മരണാനന്തര ആനുകൂല്യങ്ങൾക്ക് പുറമെ അംഗമായവർക്ക് നിയമാവലിയിൽ രേഖപ്പെടുത്തിയ രോഗങ്ങൾ ബാധിച്ചാൽ തുടർചികിത്സക്ക് ആവശ്യമായ സഹായവും പദ്ധതി വഴി നൽകി വരുന്നുണ്ട്.
നിബന്ധനകൾക്ക് വിധേയമായി നേരത്ത പദ്ധതിയിൽ അംഗമായിരുന്ന 60 വയസ് പിന്നിട്ട മുൻപ്രവാസികൾക്ക് മാസാന്തം 2,000 രൂപ ഹദിയ്യത്തുറഹ്‍മ പേരിൽ ഇതോടനുബന്ധിച്ച് നൽകുന്നുണ്ട്.
പ്രാരബ്ദങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിത സാഹചര്യത്തിൽ, യാതൊരു വിധ നീക്കിയിരിപ്പുമില്ലാതെ കടക്കെണിയിൽപ്പെട്ട് ഉലയുന്ന പ്രവാസികളിൽ പലരും അകാലത്തിൽ മരണപ്പെടുമ്പോൾ, അവരുടെ ആശ്രിതർ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കിയാണ് സൗദി കെ.എം.സി.സി ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. നിയമ വിധേയമായ ട്രസ്റ്റിെൻറ കീഴിൽ വ്യവസ്ഥാപിതവും സുതാര്യവുമായി നടപ്പാക്കിവരുന്ന പദ്ധതിയിൽ കാമ്പയിൻ കാലയളവിൽ ഓൺലൈൻ വഴിയും നേരിട്ടും അംഗത്വമെടുക്കാനും പുതുക്കുവാനും അവസരം നൽകിയിരുന്നു.
mykmcc.org എന്ന വെബ്സൈറ്റ് വഴിയാണ് അംഗത്വത്തിലുള്ള അപേക്ഷ സ്വീകരിച്ചിരുന്നത്. വിവിധ സെൻട്രൽ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ, കീഴ്ഘടകങ്ങൾ വഴി നേരിട്ടും ഓൺലൈൻ വഴിയുമായി ഇതിനകം ആയിരങ്ങളാണ് പദ്ധതിയിൽ അംഗത്വമെടുത്തിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ഇത്തവണ പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ രക്ഷധികാരി കെ.പി. മുഹമ്മദ്‌കുട്ടി, പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള, സുരക്ഷാപദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, കോഓഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.