അബ്ദുസ്സലാം
അൽ ഖോബാർ: ഹജ്ജ് എന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ ആത്മനിർവൃതിയിലാണ് അബ്ദുസ്സലാം. മൂന്നു പതിറ്റാണ്ട് മുമ്പ് പ്രവാസം ആരംഭിച്ചപ്പോൾ മനസ്സിൽ കോറിയിട്ടതാണ് ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം. 30 വർഷങ്ങൾക്കിപ്പുറം ഹജ്ജ് യാഥാർഥ്യമാക്കി ദമ്മാമിലെ താറൂത്ത് എന്ന ജോലിസ്ഥലത്ത് തിരികെയെത്തുമ്പോൾ മനസ്സ് തിരയടങ്ങിയ കടൽപോലെ ശാന്തം. കാത്തുകാത്തിരുന്ന് നിർവഹിച്ച ഹജ്ജിലെ ഓരോ കർമവും അത്രമേൽ ആസ്വദിച്ചാണ് തൃശൂർ കരുപ്പടന്ന സ്വദേശി അബ്ദുസ്സലാം പൂർത്തിയാക്കിയത്.
സ്പോൺസർ അംജദ് അൽ നൂഹും സഹധർമിണി റുഫൈദയുമാണ് ഈ ചിരകാല സ്വപ്നത്തിന് നിറമേകിയത്. അബ്ദുസ്സലാമിനൊപ്പം ഭാര്യ ഹസീനക്കും അവസരം ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അവർക്ക് ഹജ്ജിനെത്താൻ കഴിഞ്ഞില്ല. 31 വർഷമായി പ്രവാസം നയിക്കുന്ന അബ്ദുസ്സലാം കരുപ്പടന്നയിലാണ് ജനിച്ചതും വളർന്നതും. പഠിക്കാനേറെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾമൂലം വേണ്ട വിധം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയി.
നാളികേര കച്ചവടക്കാരനായിരുന്ന പിതാവിനെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചതു മുതൽ ജീവിത പ്രാരബ്ധങ്ങൾ ഒന്നൊന്നായി ചുമലിലേറിക്കൊണ്ടിരുന്നു. വിവാഹത്തിനുശേഷം 1991 ലാണ് പ്രവാസിയായി ഒമാനിൽ എത്തുന്നത്. പാചകക്കാരനായി പലയിടത്തും ജോലി നോക്കി. പിന്നീട് ഷാർജയിലേക്ക് പോയി. പ്രവാചകൻ മുഹമ്മദിന്റെ കാൽ പാദങ്ങൾ പതിഞ്ഞ പുണ്യനഗരങ്ങൾ ഉൾക്കൊള്ളുന്ന സൗദി അറേബ്യ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും ഏറെ മോഹമായിരുന്നു.
ഷാർജയിൽ ജോലിചെയ്യുമ്പോൾ അവസരം ലഭിച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നതു മൂലം കഴിഞ്ഞില്ല. നാട്ടിലെത്തി സ്വന്തമായി കാറ്ററിങ് സർവിസ് തുടങ്ങി. അങ്ങനെയിരിക്കെ ഒരു സുഹൃത്താണ് സൗദി അറേബ്യയിൽ ഒരു പാചകക്കാരന്റെ ജോലി ഒഴിവുണ്ടെന്ന് അറിയിച്ചത്. തന്റെ അഭിലാഷ പൂർത്തീകരണത്തിനുള്ള ഒരവസരമാണിതെന്ന് ചിന്തിച്ച അബ്ദുസ്സലാം കൂടുതലൊന്നും ആലോചിക്കാതെ സൗദിയിലേക്ക് വിമാനം കയറി.
ഖത്വീഫിലെ താറൂത്തിൽ പാചകക്കാരനായി ജോലി ചെയ്തു തുടങ്ങിയ അദ്ദേഹത്തിന് തന്റെ സ്പോൺസറുടെ നന്മയും സ്നേഹവും വൈകാതെ അനുഭവഭേദ്യമായി. നേരത്തേ ഉംറക്ക് അവസരം നൽകിയ സ്പോൺസർ ഇത്തവണ ഹജ്ജ് എന്ന സ്വപ്നത്തിനും പച്ചക്കൊടി കാണിച്ചു. വീടുകളിൽ പാചകക്കാർ ഏറെ ആവശ്യമുള്ള പെരുന്നാൾ സമയമായിട്ടും സ്പോൺസർ അബ്ദുസ്സലാമിന് ഹജ്ജിന് അനുവാദം നൽകി. കിഴക്കൻ പ്രവിശ്യയിലെ വിശ്വാസികൾക്കായി തനിമ കലാസാംസ്കാരിക വേദി ഒരുക്കിയ ഹജ്ജ് സംഘത്തോടൊപ്പം ചേർന്ന അബ്ദുസ്സലാം അവരുടെ ബസിലാണ് ഹജ്ജ് ചെയ്തു മടങ്ങിയെത്തിയത്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ അബ്ദുസ്സലാമിനെ സ്പോൺസർ ഫോണിൽ വിളിച്ചു സ്നേഹവും സന്തോഷവും പങ്കുെവച്ചു.
തനിക്ക് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണം എന്ന ആഗ്രഹമായിരുന്നു മനസ്സ് നിറയെ. ഇളയ മകൻ ബിരുദം നേടി ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നു. നാട്ടിലെ അറിയപ്പെടുന്ന ഗായകൻ കൂടിയായ അബ്ദുസ്സലാം ജനസേവനത്തിലും ഏറെ തൽപരനാണ്. പിതാവ്: കുഞ്ഞുമരക്കാർ, മാതാവ്: സൈനബ, ഭാര്യ: ഹസീന, മക്കൾ: അജ്മൽ ഷാ, അമൽ ഫാത്തിമ, അഖിൽ അഹ്മദ്, മരുമക്കൾ: ഫഹദ്, ഷൈഖ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.