ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ദമ്മാമിലെ കിങ് ഫഹദ് കോസ്‌വേയിലൂടെയുള്ള യാത്രക്ക് ഇനി ചെലവേറും. ഫെബ്രുവരി 18 മുതൽ പാലം കടക്കുന്നതിനുള്ള ഫീസുകൾ വർധിപ്പിക്കാൻ അതോറിറ്റി തീരുമാനിച്ചു. പുതിയ പരിഷ്‌കാരം അനുസരിച്ച് കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കുമുള്ള നിരക്ക് 25 റിയാലിൽ നിന്ന് 35 റിയാലായി ഉയരും. മിനി ബസുകൾക്ക് 55 റിയാലും വലിയ ബസുകൾക്ക് 70 റിയാലുമായിരിക്കും പുതിയ നിരക്ക്.
ട്രക്കുകൾക്ക് ഓരോ ടണ്ണിനും ഏഴ് റിയാൽ വീതം ഈടാക്കും. 1986-ൽ പാലം തുറന്നതിന് ശേഷം 2016-ലാണ് ഇതിന് മുമ്പ് നിരക്ക് വർധിപ്പിച്ചത്. അന്ന് 20 റിയാലിൽ നിന്നും 25 റിയാലാക്കിയ നിരക്കാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്. എന്നാൽ ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ, ദിവസേനയുള്ള സ്ഥിരം യാത്രക്കാർ എന്നിവർക്ക് നിലവിലുള്ള ഇളവുകൾ തുടരും. ഇവർക്ക് പഴയ നിരക്കിൽ തന്നെ യാത്ര ചെയ്യാമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷത്തിന് ശേഷമുള്ള ഈ നിരക്ക് വർധനവ് കോസ്‌വേയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.