കബീർ കൊച്ചാലുമ്മൂട് റിയാദ് മാരത്തണിലെ മെഡലുമായി
റിയാദ്: മണൽക്കാറ്റും വെല്ലുവിളികളും നിറഞ്ഞ ട്രാക്കിൽ മലയാളിയുടെ കരുത്തും മനക്കരുത്തും തെളിയിച്ച് കബീർ കൊച്ചാലുമ്മൂട്. ലോകശ്രദ്ധയാകർഷിച്ച റിയാദ് മാരത്തണിൽ 42.22 കിലോമീറ്റർ ദൂരം വെറും നാല് മണിക്കൂർ 14 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയാണ് ഈ കരുനാഗപ്പള്ളി സ്വദേശി വിസ്മയമായത്.
സൗദി സെൻട്രൽ ബാങ്ക് ജീവനക്കാരനായ കബീർ കഴിഞ്ഞ 15 വർഷമായി ഓട്ടം തന്റെ ജീവിതചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസവും പുലർച്ചെ അഞ്ചുമണിക്ക് ആരംഭിക്കുന്ന കഠിനമായ പരിശീലനമാണ് ഇത്രയും വലിയൊരു ദൂരം തളർച്ചയില്ലാതെ ഓടിത്തീർക്കാൻ കബീറിനെ പ്രാപ്തനാക്കിയത്. ‘ഒരു ഫുൾ മാരത്തൺ പൂർത്തിയാക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. കഴിഞ്ഞ വർഷം 21 കിലോമീറ്റർ പിന്നിട്ടപ്പോൾ ലഭിച്ച ആത്മവിശ്വാസമാണ് ഇത്തവണ 42 കിലോമീറ്ററിലേക്ക് എന്നെ നയിച്ചത്.’ -കബീർ കൊച്ചാലുമ്മൂട് പറയുന്നു.
കൊല്ലത്തെ ഡി.ബി.എം മാരത്തണിൽ ഓട്ടത്തിൽ
2002 മുതൽ പ്രവാസിയായ കബീർ, 2018-ൽ റിയാദ് മാരത്തൺ തുടങ്ങിയ കാലം മുതൽ അതിനെ നിരീക്ഷിച്ചിരുന്നു. സുഹൃത്തായ മലപ്പുറം സ്വദേശി ഷഫീഖിനൊപ്പമുള്ള പരിശീലനമാണ് മത്സരരംഗത്തേക്ക് ഇറങ്ങാൻ പ്രചോദനമായത്. കഴിഞ്ഞ വർഷം റിയാദിൽ 21 കിലോമീറ്റർ രണ്ട് മണിക്കൂർ ഒമ്പത് മിനിറ്റിലും, കൊല്ലത്ത് നടന്ന ഡി.ബി.എം മാരത്തണിൽ ഇതേ ദൂരം രണ്ട് മണിക്കൂറിലും പൂർത്തിയാക്കിയിരുന്നു. ‘Strava’ ആപ് കണക്കുകൾ പ്രകാരം 2025-ൽ മാത്രം ഇതുവരെ 1516 കിലോമീറ്റർ കബീർ ഓടി പൂർത്തിയാക്കിയിട്ടുണ്ട്.
ഓട്ടക്കളത്തിലെ വേഗത പോലെ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കബീർ മുൻപന്തിയിലുണ്ട്. റിയാദിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം കൾച്ചറൽ അസോസിയേഷൻ (കെ.സി.എ), ഖിദ്മ കൊച്ചാലുമ്മൂട് ചാരിറ്റബിൾ, പനച്ചമൂട് മഹൽ കൂട്ടായ്മ തുടങ്ങിയ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന കബീർ, പ്രവാസ ലോകത്തെ മലയാളികൾക്ക് അഭിമാനമായി മാറുകയാണ്.
കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചാലുമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ആരോഗ്യവും കായികക്ഷമതയും കാത്തുസൂക്ഷിക്കാമെന്ന് തെളിയിക്കുകയാണ് ഈ പ്രവാസി മലയാളി. ബിജിനയാണ് കബീറിന്റെ ഭാര്യ, മക്കൾ: മുഹമ്മദ് റിസ്‌വാൻ (10ാം ക്ലാസ്) മകൾ കെ.കെ. അഫ്രിൻ (ആറാം ക്ലാസ്).
സൗദി അറേബ്യയുടെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ച അഞ്ചാമത് റിയാദ് മാരത്തൺ ശനിയാഴ്ച റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി കാമ്പസിലാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിനായിരത്തിലധികം കായിക പ്രേമികളാണ് പങ്കെടുത്തത്.
സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ (എസ്.എഫ്.എ) ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിന് ശനിയാഴ്ച പുലർച്ചെ 6.20-ന് എലൈറ്റ് റണ്ണേഴ്സിന്റെ വിഭാഗത്തോടെയാണ് തുടക്കമായത്. വേൾഡ് അത്‌ലറ്റിക്സ് എലൈറ്റ് റോഡ് റേസ് അംഗീകാരമുള്ള ഈ മത്സരത്തിൽ 125-ലധികം രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ മാറ്റുരച്ചു.
മാരത്തണിൽ നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന മത്സരമായ ഫുൾ മാരത്തൺ രാവിലെ 6.25-ന് ആരംഭിച്ചു. 21.1 കിലോമീറ്റർ വിഭാഗത്തിൽ ഹാഫ് മാരത്തണിൽ നിരവധി പ്രഫഷനൽ അത്‌ലറ്റുകൾ പങ്കെടുത്തു. 10 കി.മീ ഓട്ടം രാവിലെ ഒമ്പതിന് ആരംഭിച്ചു. ഈ വിഭാഗത്തിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം സംഘടിപ്പിച്ച അഞ്ച് കി.മീ ഫൺ റൺ വിഭാഗത്തിൽ നൂറുകണക്കിന് പേർ ആവേശത്തോടെ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.