ഒരിടവേളക്ക് ശേഷം കരിപ്പൂർ-റിയാദ്​ റൂട്ടിൽ ചിറകുവിരിച്ച്​ ‘സൗദിയ’, ഊഷ്മളമായി വരവേറ്റ്​ പ്രവാസികൾ

റിയാദ്: അഞ്ചുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂർ-റിയാദ്​ റൂട്ടിൽ യാത്രാപ്രശ്​നത്തിന്​ ആശ്വാസമായി സൗദി എയർലൈൻസ് (സൗദിയ)​. റിയാദിൽനിന്ന്​ കരിപ്പൂരിലേക്കും അവിടെനിന്ന്​ തിരിച്ചും നിറയെ യാത്രക്കാരുമായി പറന്ന ആദ്യ സർവിസ്​ പ്രവാസികളുടെ മനം നിറച്ചു. ഫെബ്രു. ഒന്ന്​ പുലർച്ചെ 1.20ന്​ റിയാദിൽനിന്ന്​ 178 യാത്രക്കാരുമായി കരിപ്പൂരിലേക്ക്​ പോയ എസ്​.വി 712 വിമാനം 8.45ന്​ അവിടെ ഇറങ്ങി. തിരികെ 174 യാത്രക്കാരുമായി രാവിലെ 9.45ന്​ പുറപ്പെട്ട്​ ഉച്ചക്ക്​ 12.50ന്​ റിയാദിലിറങ്ങി. രണ്ടിടങ്ങളിലും പ്രവാസികൾ വമ്പൻ വരവേൽപാണ്​ നൽകിയത്​.

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയുടെ വിമാനത്തിന്​ റിയാദ് കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപോർട്ടിൽ മലയാളികൾ ഊഷ്മള സ്വീകരണമാണ്​ ഒരുക്കിയത്​. യാത്രക്കാരെ സ്വീകരിക്കാൻ മധുരവും പൂക്കളുമായി മലയാളികളുടെ വലിയൊരു സംഘം തന്നെ വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. സമയം പാലിക്കുന്നതിൽ മുൻ നിരയിലുള്ള വിമാനക്കമ്പനികളി​ൽ ഒന്നായ ‘സൗദിയ’ കൃത്യസമയത്ത് തന്നെ റിയാദിൽ പറന്നിറങ്ങി.

സൗദി സമയം പുലർച്ചെ 1.20ന് റിയാദിൽനിന്ന് പുറപ്പെട്ട് രാവിലെ 8.35ന് കരിപ്പൂരിലെത്തി അവിടെനിന്ന്​ രാവിലെ 9.45ന് തിരിച്ച്​ ഉച്ചക്ക്​ 12.50ന് റിയാദിലെത്തുന്ന വിധമാണ്​ ഇപ്പോൾ സർവിസ്​ സമയം ക്രമീകരിച്ചിരിക്കുന്നത്​. ആഴ്ചയിൽ ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ഇതേ സമയക്രമത്തിൽ നാല് വിമാനങ്ങൾ എന്ന നിലയിലാണ്​ സർവിസുണ്ടാവുക. വൈകാതെ ജിദ്ദയിൽനിന്നുള സർവിസും ആരംഭിക്കുമെന്നാണ് സൂചന. 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 ഇക്കോണമി ക്ലാസ് സീറ്റുകളുമുള്ള വിമാനത്തിൽ റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് അൽപം കൂടുതലാണ്.

അതേസമയം സമയത്തിലും സർവിസിലും നിലവാരവും കൃത്യതയും പാലിക്കുന്ന എയർലൈൻ എന്ന ഖ്യാതിയുണ്ട് സൗദി എയർലൈൻസിന്. കോഴിക്കോട് നിന്ന് റിയാദിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ബിസിനസുകാർ, സെലിബ്രറ്റികൾ, തുടങ്ങി ബിസിനസ്​ ക്ലാസ് ഉപയോഗിക്കുന്നവർക്ക് കണക്ഷൻ ഫ്ലൈറ്റുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ‘സൗദിയ’യുടെ വരവോടെ ബിസിനസ്​ ക്ലാസ് യാത്രക്കാർക്കും ഇനി നേരിട്ട് യാത്ര ചെയ്യാം.

നിലവിൽ നേരിട്ടുള്ള രണ്ട് വിമാനത്തിലും ബിസിനസ്​ ക്ലാസുകളില്ല. പകൽ സമയങ്ങളിൽ കോഴിക്കോട്ടേക്ക് റിയാദിൽനിന്ന് നേരിട്ട് വിമാനങ്ങളില്ല. റിയാദിലേക്കുള്ള എല്ലാ വിമാന സർവിസുകളും രാത്രി 10ന് ശേഷമാണ്. ബന്ധുമിത്രാദികളുടെ മരണം ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രക്ക് വിമാനസമയത്തിൽ മാറ്റം വന്നാൽ ഗുണകരമാകും. സമയമാറ്റം അഭ്യർഥിച്ച് എയർ ലൈനുകളെ സമീപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സാമൂഹികപ്രവർത്തകർ പറഞ്ഞു.

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലിം കളക്കര, മലപ്പുറം ജില്ലാ പ്രസിഡൻറ്​ സിദ്ധിഖ് കല്ലുപറമ്പൻ, അലി അഹമ്മദ്‌ ആസാദ്, സൈഫുന്നിസ സിദ്ധീഖ്, അമൻ ഫറാസ്, പി.കെ. അഫ്ര എന്നിവരാണ്​ ആദ്യ യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്​. പൂക്കളും മധുരവും നൽകി യാത്രക്കാരെ വരവേറ്റു.

Tags:    
News Summary - Saudi Airlines resumes flights on Karipur-Riyadh route after a break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.