ജിദ്ദ: മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിെൻറ ‘ഖിവ’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ കരാറുകൾ രേഖപ്പെടുത്തുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം. ഓരോ സ്ഥാപനത്തിലെയും 50 ശതമാനം ജീവനക്കാരുടെ കരാറുകൾ ഖിവ പ്ലാറ്റ്ഫോം വഴി രേഖപ്പെടുത്താൻ നിർബന്ധിക്കുന്നതാണ് രണ്ടാംഘട്ടമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കരാറുകൾ ഡിജിറ്റൽ ഡോക്യുമെൻറ് ചെയ്യുകയാണ് ഇതിലൂടെ നടത്തുന്നത്. 2023ലെ ഇനിയുള്ള ഓരോ മൂന്നുമാസ കണക്കിൽ ഓരോ സ്ഥാപനത്തിലെയും മൊത്തം ജീവനക്കാരിൽ എത്രശതമാനം പേരുടെ വീതം കരാറുകൾ രേഖപ്പെടുത്തണമെന്ന സമയക്രമം മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. ആദ്യ പാദത്തിൽ 20 ശതമാനവും രണ്ടാം പാദത്തിൽ 50 ശതമാനവും മൂന്നാം പാദത്തിൽ 80 ശതമാനവുമാണത്.
തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുക, തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, കരാർ വിവരങ്ങളുടെ സാധുത ഉറപ്പാക്കുകയും തർക്കങ്ങളും തൊഴിൽ പ്രശ്നങ്ങളും കുറക്കുകയും ചെയ്യുക എന്നിവയാണ് കരാറുകളുടെ ഡിജിറ്റൽ ഡോക്യുമെേൻറഷനിലൂടെ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയിലെ സൗദി, സൗദിയേതര ജീവനക്കാരുടെ കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ അപ്ലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഇലക്ട്രോണിക് കരാർ ഡോക്യുമെേൻറഷൻ ചെയ്യാനും തൊഴിലുടമകൾക്ക് ഇൗ സേവനത്തിലൂടെ സാധിക്കും. തൊഴിലാളികൾക്ക് അവരുടെ കരാർ ഡേറ്റയുടെ സാധുത പരിശോധിക്കാനും ഈ സേവനം അനുവദിക്കുന്നുണ്ട്. സ്ഥാപനം തൊഴിൽ കരാർ ഉണ്ടാക്കിയശേഷം ജീവനക്കാരന് കരാർ അംഗീകരിക്കാനോ നിരസിക്കാനോ വ്യക്തിഗത അക്കൗണ്ട് വഴി അതിെൻറ ഭേദഗതി അഭ്യർഥിക്കാനോ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇരുകക്ഷികളും സമ്മതിക്കുന്ന സാഹചര്യത്തിലായിരിക്കും കരാർ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഡോക്യുമെൻറ് ചെയ്തതായി കണക്കാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.