റിയാദ്, ഖർജ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ അപകടസാധ്യത ഒഴിഞ്ഞു

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരം, കിഴക്കൻ പ്രവിശ്യ, അൽ ഖർജ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന അപകടസാധ്യതകൾ നീങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ഇന്ന് ബുധനാഴ്ച വൈകുന്നേരമാണ് ഔദ്യോഗികമായ അറിയിപ്പ് പുറത്തുവന്നത്. സാഹചര്യം സുരക്ഷിതമായെങ്കിലും സ്വദേശികളും വിദേശികളും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. അപകടസാധ്യത ഒഴിഞ്ഞ സാഹചര്യത്തിലും സുരക്ഷ മുൻകരുതലുകൾ കൈവിടരുതെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.

ഗവൺമെന്റിന്റെ ഔദ്യോഗിക നിർദേശങ്ങൾ മാത്രം പിന്തുടരുക, സുരക്ഷ നടപടികൾ കൃത്യമായി പാലിക്കുക, സംഭവസ്ഥലങ്ങളിൽ തടിച്ചുകൂടുന്നതും ചിത്രങ്ങളോ വിഡിയോകളോ പകർത്തുന്നതും കർശനമായി ഒഴിവാക്കുക എന്നിവ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

നേരത്തെ, കിഴക്കൻ പ്രവിശ്യയിലെ അപകടസാധ്യത മുന്നറിയിപ്പ് നൽകുന്നതിനായി നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിങ്​ വഴി അടിയന്തര സന്ദേശം അയച്ചിരുന്നു. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാനും സുരക്ഷിതമായ ഇടങ്ങളിൽ തുടരാനും നിർദേശമുണ്ടായിരുന്നു. ജനൽ പാളികളിൽനിന്നും തുറസ്സായ സ്ഥലങ്ങളിൽനിന്നും മാറി വീടിനുള്ളിലോ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരണമെന്നും അപകടസാധ്യത പൂർണമായും മാറുന്നതുവരെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കരുതെന്നും ഗ്ലാസ് നിർമിതമായ ഭാഗങ്ങളിൽനിന്ന് അകലം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു.

വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മുന്നറിയിപ്പ് സന്ദേശം ലഭിച്ചാൽ ഉടൻതന്നെ പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അകലെയായി റോഡ് വശങ്ങളിൽ വാഹനം സുരക്ഷിതമായി നിർത്തേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, മദീന എന്നീ മേഖലകളിൽ ഉള്ളവർക്ക് 911എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർക്ക് 998 എന്ന നമ്പറിലും ബന്ധപ്പെടാം.

Tags:    
News Summary - The risk has been eliminated in Riyadh, Kharj and the Eastern Province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.