ഒന്നര വർഷത്തിലേറെയായി അബോധാവസ്ഥയിലായിരുന്ന അബ്ദുൽ ഹമീദ് കമാലുദ്ദീനെ നാട്ടിലെത്തിക്കുന്നതിന് ജിദ്ദ വിമാനത്താവളത്തിലെത്തിച്ചപ്പോൾ, ഇൻസെറ്റിൽ അബ്ദുൽ ഹമീദ് കമാലുദ്ദീൻ

ഒന്നര വർഷത്തിലേറെയായി അബോധാവസ്ഥയിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയെ നാട്ടിലെത്തിച്ചു

ത്വാഇഫ്: പക്ഷാഘാതത്തെത്തുടർന്ന് 22 മാസമായി സൗദിയിൽ അബോധാവസ്ഥയിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയെ നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശി അബ്ദുൽ ഹമീദ് കമാലുദ്ദീനാണ് (54) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റി​ന്‍റെ സഹായത്തോടെ നാടണഞ്ഞത്. നാല് മാസത്തോളം ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് രോഗികൾ വർധിച്ചതിനെ തുടർന്ന് അൽമോയ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നതിന് ത്വാഇഫ് കെ.എം.സി.സി പ്രസിഡന്‍റ്​ നാലകത്ത് മുഹമ്മദ് സാലിഹ് വിഷയം ജിദ്ദ കോൺസുലേറ്റി​ന്‍റെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് അവർ ഇടപെടുകയായിരുന്നു. നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റി​ന്‍റെ പണം സംഘടിപ്പിച്ച് കോൺസുലേറ്റിന് കൈമാറിയെങ്കിലും രോഗിയെ അനുഗമിക്കാൻ നഴ്‌സിനെ കിട്ടാൻ വൈകിയത് യാത്ര വൈകാൻ ഇടയായി. ഒടുവിൽ റിയാദിൽ നഴ്‌സായി ജോലിചെയ്യുന്ന കൊല്ലം സ്വദേശി ജോളിയാണ് കമാലുദ്ദീനെ അനുഗമിക്കാൻ തയാറായി മുന്നോട്ടുവന്നത്.

ഇവർ അദ്ദേഹത്തെ നാട്ടിലെത്തിച്ചതിനു ശേഷം റിയാദിൽ തിരിച്ചെത്തി. ഭീമമായ ആശുപത്രി ബിൽ തുക സൗദി ആരോഗ്യമന്ത്രാലയം ഒഴിവാക്കിക്കൊടുത്തിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമി​ന്‍റെ നിർദേശപ്രകാരം വൈസ് കോൺസൽ അമരേന്ദ്രകുമാർ, കോൺസൽ ഡോ. ഹലീം, ഉദ്യോഗസ്ഥനായ സുലൈമാൻ എന്നിവർ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ സഹായത്തിനുണ്ടായിരുന്നു. ത്വാഇഫിൽ നിന്നുള്ള യാത്രരേഖകൾ ശരിയാക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും സാമൂഹിക പ്രവർത്തകനായ നാലകത്ത് മുഹമ്മദ് സാലിഹ് നേതൃത്വം നൽകി. നാട്ടുകാരായ അഷ്‌റഫ്, ആലിം, മുക്താർ, ലിയാഖത്ത് എന്നിവരും സഹായത്തിനുണ്ടായിരുന്നു. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്.

Tags:    
News Summary - The Maharashtra native, who had been unconscious for more than a year and a half, was repatriated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.