ദമ്മാം: തൊഴിൽ കോടതിയുടെ നടപടിക്രമങ്ങൾ സുഗമവും അതിവേഗവുമാക്കുന്നതിന് സൗദി നീതിന്യായ മന്ത്രാലയം ഒരു ഇലക്ട്രോണിക് ആപ്ലിക്കേഷൻകൂടി പുറത്തിറക്കി.
'ലേബർ കാൽക്കുലേറ്റർ' എന്ന് പേരിട്ടിരിക്കുന്ന ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് മന്ത്രാലയം പുറത്തിറക്കിയത്. തൊഴിൽ തർക്ക കേസുകളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും കുടിശ്ശിക അടക്കുന്നതിനും മറ്റും ഉപയുക്തമാണ് പുതിയ ആപ്. വരുംകാലങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ആപ് വിപുലീകരിക്കാൻ പാകത്തിലാണ് തയാറാക്കിയിരിക്കുന്നത്. തൊഴിൽ നിയമത്തെക്കുറിച്ചുള്ള അവബോധം നൽകുക, തൊഴിൽനിയമങ്ങൾ നടപ്പാക്കുന്നതിനും അത് അനുസരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ ആപ്പിലൂടെ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.
കേവലം ഒറ്റപേജിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ സാധ്യമാകുന്ന രീതിയിലാണ് ആപ് രൂപപ്പെടുത്തിയിരിക്കുന്നത്. ശമ്പള കുടിശ്ശിക, സേവനാനന്തര ആനുകൂല്യങ്ങൾ, അവധിക്കാലത്തെ ശമ്പളം, ഒാവർടൈം എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾക്കും പരാതികൾക്കും ഇതിലൂടെ പരിഹാരം തേടാം.
തൊഴിൽ കോടതിയിലെ സേവനങ്ങൾ പ്രവാസികൾക്കും സ്വദേശി പൗരന്മാർക്കും ഒരു പോലെ പ്രയോജനപ്പെടുത്തുന്നതിന് എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിെൻറ ഭാഗം കൂടിയാണ് പുതിയ ആപ്ലിക്കേഷൻ. https://www.moj.gov.sa/ar/eServices/Pages/Details.aspx?itemId എന്ന ലിങ്കിൽ ലേബർ കാൽക്കുലേറ്റിെൻറ സേവനം ലഭ്യമാകും. കോവിഡ് പ്രതിരോധ നിബന്ധനകളെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതലാണ് ലേബർ കോടതിയിൽ ഇലക്ട്രോണിക് വ്യവഹാര സേവനങ്ങൾ ആരംഭിച്ചത്. അതിനൂതന സംവിധാനങ്ങളിലൂടെ അതിവേഗമാണ് സൗദിയിലെ കോടതികൾ പുതിയ സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയത്.
ഇത്തരം സേവനങ്ങൾ ആരംഭിച്ചതു മുതൽ സൗദി അറേബ്യയിലെ കോടതികൾ ഒന്നര ദശലക്ഷത്തിലധികം വിഡിയോ വഴിയുള്ള സിറ്റിങ്ങുകൾ നടത്തിക്കഴിഞ്ഞു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം വിധികൾ പുറപ്പെടുവിക്കുകയും കേസുകൾക്ക് തീർപ്പുകൽപിക്കുകയും ചെയ്തിട്ടുണ്ട്.
അന്നു മുതൽ പരാതികളുടെ സമർപ്പണം, കേസിനാവശ്യമായ രേഖകൾ സമർപ്പിക്കൽ, വിധിന്യായങ്ങളുടെ പകർപ്പുകൾ പുറപ്പെടുവിക്കൽ, അപ്പീൽ നൽകൽ എന്നീ കാര്യങ്ങളെല്ലാം ഇലക്ട്രോണിക് സേവനങ്ങൾ വഴിയാണ് നടന്നുകൊണ്ടിരിക്കുന്നത്. വിഡിയോ കോൺഫറൻസ് വഴിയായതിനാൽ കക്ഷികൾ കോടതിയിൽ നേരിട്ട് ഹാജരായതുപോലെ ചോദ്യങ്ങൾ ചോദിക്കാനും മറുപറി പറയാനുമെല്ലാം സാധിക്കുന്നു എന്നതും അതിെൻറ മികവ് തന്നെയാണ്. പുതിയ സേവനം പ്രവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ കോടതിയിൽനിന്ന് സേവനങ്ങൾ ലഭ്യമാകുന്നതിന് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.