ലോകത്തിലെ ഏറ്റവും വലിയ ഗവൺമെൻറ് ഡാറ്റാ സെൻററിന് തറക്കല്ലിട്ട ചടങ്ങ്
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഗവൺമെൻറ് ഡാറ്റാ സെൻററിന് തറക്കല്ലിട്ടു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ‘ഹെക്‌സഗൺ’ ഡാറ്റാ സെൻററാണ് മൂന്ന് കോടി ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ റിയാദിന് സമീപം സൽബൂകിൽ നിർമിക്കുന്നത്. ‘അപ്‌ടൈം’ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഡാറ്റാ സെൻററാണിത്. മൊത്തം ശേഷി 480 മെഗാവാട്ടാണ്.
ഗവൺമെൻറ് ഡാറ്റാ സെൻററുകൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ലഭ്യത, സുരക്ഷ, പ്രവർത്തന സന്നദ്ധത എന്നിവ നൽകുന്നതിനായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ കേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത്. തറക്കല്ലിടൽ ചടങ്ങിൽ സാങ്കേതിക കാര്യങ്ങളുടെ ആഭ്യന്തര സഹമന്ത്രി അമീർ ഡോ. ബന്ദർ ബിൻ അബ്ദുല്ല അൽമശാരി, അമീർ ഫഹദ് ബിൻ ഖാലിദ് ബിൻ ഫൈസൽ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ അമർ അൽസ്വാഹ, സർക്കാർ ഏജൻസികളിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാംദി അവരെ സ്വീകരിച്ചു. പദ്ധതിയെയും അതിന്റെ സാങ്കേതിക, എൻജിനീയറിങ് സവിശേഷതകളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പ്രസന്റേറഷൻ ‘സദായാ’ ഡയറക്ടർ ഡോ. ഇസാം ബിൻ അബ്ദുല്ല അൽവഖീത് നടത്തി. തുടർന്ന് പങ്കെടുത്തവർ അനുബന്ധ പ്രദർശനം സന്ദർശിക്കുകയും കേന്ദ്രത്തിന്റെ ഡിസൈൻ ഘട്ടങ്ങളെയും സാങ്കേതിക പരിസ്ഥിതിയെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ടുള്ള പിന്തുണയോടെയാണ് ഈ പദ്ധതി വരുന്നതെന്ന് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാംദി പറഞ്ഞു. ‘ഹെക്‌സഗൺ’ അതോറിറ്റിയുടെ ഡാറ്റാ സെൻററുകളിൽ ആദ്യത്തേതാണ്. ഇനി വിവിധയിടങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.ഐ.എ 942 മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഉയർന്ന ലഭ്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഒരു ഡ്യുവൽ-മോഡ് ഓപറേറ്റിങ് ആർക്കിടെക്ചറിനെ ആശ്രയിച്ചാണ് ഇത് നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതിനും ദേശീയ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ഒരു നൂതന കമ്പ്യൂട്ടിങ് ആർക്കിടെക്ചറും ഇതിൽ ഉൾപ്പെടുന്നു.
സ്മാർട്ട്, ഡയറക്ട് കൂളിങ് സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം എന്നിവയുൾപ്പെടെ പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളാണ് പദ്ധതി സ്വീകരിക്കുന്നത്. പ്രതിവർഷം ഏകദേശം 30,000 ടൺ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് ഇത് സഹായിക്കും. അതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഡാറ്റാ സെൻററുകളിൽ ഒന്നായി ഇത് മാറുമെന്നും അൽഗാംദി പറഞ്ഞു. ജി.ഡി.പിയിൽ ഏകദേശം 10.8 ബില്യൺ സൗദി റിയാൽ ഹെക്‌സഗൺ സംഭാവന ചെയ്യും. ഈ കേന്ദ്രങ്ങൾ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളായും ആധുനിക ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഹൃദയമായും കണക്കാക്കപ്പെടുന്നു. ഇത് ഡാറ്റ, നിർമിത ബുദ്ധി മേഖലകളിൽ രാജ്യത്തിന്റെ ആഗോള സ്ഥാനം വർധിപ്പിക്കുന്നുവെന്നും അൽഗാംദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.