സൗദിയിൽ ആദ്യമായി 'ഫനാറ്റിക്സ് ഫ്ലാഗ് ഫുട്ബോൾ ക്ലാസിക്' ആഗോള ടൂർണമെന്റ് മാർച്ചിൽ നടക്കും

റിയാദ്: 2026 മാർച്ചിൽ നടക്കുന്ന റിയാദ് സീസൺ പരിപാടിയിൽ ‘ഫനാറ്റിക്സ് ഫ്ലാഗ് ഫുട്ബാൾ ക്ലാസിക്’ എന്ന പേരിൽ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് പൊതുവിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് വ്യക്തമാക്കി. 2026 മാർച്ച് 21 ശനിയാഴ്ച റിയാദിലെ കിങ്ഡം അരീനയിൽ നടക്കുന്ന 'ഫനാറ്റിക്സ് ഫ്ലാഗ് ഫുട്ബോൾ ക്ലാസിക്' ടൂർണമെന്റിൽ അമേരിക്കൻ ഫ്ലാഗ് ഫുട്ബാൾ ഇതിഹാസം ടോം ബ്രാഡി പങ്കെടുക്കും.

2023 ൽ വിരമിച്ചതിനുശേഷം ടോം ബ്രാഡിയുടെ കളിക്കളത്തിലേക്കുള്ള ആദ്യ ഔദ്യോഗിക തിരിച്ചുവരവായിരിക്കും ഇത്. ഏഴ് തവണ സൂപ്പർ ബൗൾ കിരീടം നേടിയ ടോം ബ്രാഡിക്ക് പുറമേ, സാക്വൻ ബാർക്ലി, സീഡീ ലാംബ്, ക്രിസ്റ്റ്യൻ മക്കാഫ്രി, സോസ് ഗാർഡ്നർ, ടൈറിക് ഹിൽ, ഒഡെൽ ബെക്കാം ജൂനിയർ, സഹതാരം റോബ് ഗ്രോൺകോവ്സ്കി തുടങ്ങിയ പ്രമുഖ താരങ്ങളും മത്സരത്തിൽ അണിനിരക്കും. എൻ.എഫ്.എൽ താരങ്ങളെയും മറ്റ് കായിക, വിനോദ മേഖലകളിലെ പ്രമുഖരെയും ഒരുമിപ്പിച്ച് ഒരുക്കുന്ന ഈ ടൂർണമെന്റ് കായിക ലോകത്തെ ഒരു പുതിയ അനുഭവമായിരിക്കും.

'ഫനാറ്റിക്സ് ഫ്ലാഗ് ഫുട്ബാൾ ക്ലാസിക്' സൗദിയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ടൂർണമെന്റാണ്. ഒ.ബി.ബി മീഡിയയും ഫനാറ്റിക്സും ചേർന്ന് ഒരുക്കുന്ന റൗണ്ട്-റോബിൻ ടൂർണമെന്റിൽ എട്ട് കളിക്കാർ വീതമുള്ള മൂന്ന് ടീമുകൾ മത്സരിക്കും. ഇതിൽ പീറ്റ് കരോൾ, സീൻ പേറ്റൺ, കൈൽ ഷാനഹാൻ എന്നിവരാണ് ടീമുകളുടെ പരിശീലകർ. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടും. ലോകത്തെ പ്രമുഖ സ്‌പോർട്‌സ് നെറ്റ്‌വർക്കുകളിലൊന്നായ ഫോക്‌സ് സ്‌പോർട്‌സിലും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്യൂബിയിലും ഈ ആഗോള പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. ഇത് അമേരിക്കയിലും വിദേശത്തും വിശാലമായ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. പ്രശസ്ത അന്താരാഷ്ട്ര ഹാസ്യനടൻ കെവിൻ ഹാർട്ട് ആയിരിക്കും അവതാരകൻ.

ലോസ് ഏഞ്ചൽസിൽ നടക്കുന്ന 2028 ലെ സമ്മർ ഒളിമ്പിക്സിൽ ഫ്ലാഗ് ഫുട്ബാൾ അരങ്ങേറ്റം കുറിക്കാനിരിക്കെ, ഈ ടൂർണമെന്റ് കായിക വിനോദത്തിന്റെ പ്രാധാന്യം വർധിപ്പിക്കും. നിലവിൽ ലോകമെമ്പാടും 20 ദശലക്ഷത്തിലധികം കളിക്കാർ ഫ്ലാഗ് ഫുട്ബാൾ കളിക്കുന്നുണ്ട്. റിയാദ് സീസൺ ലോകോത്തര നിലവാരമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള തങ്ങളുടെ ദൗത്യം തുടരുകയാണെന്ന് സൗദിയിലെ ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ആലുശൈഖ് പറഞ്ഞു.

ഫ്ലാഗ് ഫുട്ബാളിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ കളി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ റിയാദ് സീസൺ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിൽ താൻ ആവേശഭരിതനാണെന്ന് ടോം ബ്രാഡി പറഞ്ഞു. മത്സരബുദ്ധി വീണ്ടും ഉണർത്താനും ആഗോള തലത്തിൽ ഫ്ലാഗ് ഫുട്ബോളിനെ അവതരിപ്പിക്കാനും സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ കളി റിയാദിലെ ആരാധകരിലേക്ക് എത്തിക്കാൻ കഴിയുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - The first-ever 'Fanatics Flag Football Classic' global tournament will be held in Saudi Arabia in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.