സൗദി അറേബ്യൻ സിനിമയുടെ തിളക്കം: ഷഹദ് അമീന്റെ ‘ഹിജ്റ’ ഓസ്കർ പുരസ്‌കാരത്തിന്

റിയാദ്: സൗദി ഫിലിം കമീഷൻ (എസ്.എഫ്.സി) ചലച്ചിത്ര ലോകത്ത് സൗദി അറേബ്യയുടെ അഭിമാനമായി ഷഹദ് അമീന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ‘ഹിജ്റ’ യെ തെരഞ്ഞെടുത്തു. 98-ാമത് ഓസ്‌കർ അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം രാജ്യത്തെ പ്രതിനിധീകരിക്കുക.

പ്രമുഖ സൗദി ചലച്ചിത്ര പ്രവർത്തകരും വ്യവസായ വിദഗ്ധരും ഉൾപ്പെട്ട ഒരു കമ്മിറ്റിയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ (ഓസ്‌കാർസ്) മാനദണ്ഡങ്ങൾക്കനുസൃതമായി സമർപ്പിച്ച സിനിമകൾ വിലയിരുത്തി വോട്ടിംഗിലൂടെ ഹിജ്റയെ തെരഞ്ഞെടുത്തത്. 2001ൽ നടക്കുന്ന ഒരു കാവ്യാത്മക റോഡ് മൂവിയായി വിശേഷിപ്പിക്കപ്പെടുന്ന ഹിജ്റ, സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് നിന്ന് ഹജ്ജിനായി മക്കയിലേക്ക് യാത്ര ചെയ്യുന്ന ഒരു മുത്തശ്ശിയുടെയും അവരുടെ രണ്ട് പേരക്കുട്ടികളുടെയും കഥയാണ് പറയുന്നത്.

സൗദി ചിത്രം 'ഹിജ്‌റ'യിൽ നിന്നുള്ള രംഗം

യാത്രക്കിടയിൽ പേരക്കുട്ടികളിലൊരാളായ സാറയെ കാണാതാകുന്നതോടെ ഈ യാത്ര ദുരന്തത്തിലേക്ക് വഴിമാറുന്നു. മുത്തശ്ശി സിത്തിയും പേരക്കുട്ടി ജന്നയും തുടർന്ന് മരുഭൂമിയിലൂടെ നടത്തുന്ന വെല്ലുവിളി നിറഞ്ഞ യാത്ര, ഒളിപ്പിച്ചുവെച്ച കുടുംബ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരികയും തലമുറകൾ തമ്മിലുള്ള വിടവുകൾ എടുത്തു കാണിക്കുകയും ചെയ്യുന്നു. അൽഉല, തബൂക്ക്, നിയോം, ജിദ്ദ തുടങ്ങി ഒമ്പതോളം വ്യത്യസ്ത സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

തലമുറകളായുള്ള സ്ത്രീത്വം, വ്യക്തിത്വം, അതിജീവിനം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചലച്ചിത്രാന്വേഷണമാണ് ഹിജ്റ. ഖൈരിയ നത്മി, നവാഫ് അൽദഫീരി, പുതുമുഖ താരം ലാമർ ഫദാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബറാ അലെം പ്രത്യേക വേഷത്തിലെത്തുന്നു. ബെയ്ത് അമീൻ ഫോർ പ്രൊഡക്ഷൻ, ഇറാഖി ഇൻഡിപെൻഡന്റ് ഫിലിം സെൻറർ, ഐഡിയേഷൻ സ്റ്റുഡിയോസ് എന്നിവയുടെ സംയുക്ത നിർമ്മാണ സംരംഭമാണ് ഈ ചിത്രം. കൂടാതെ, ഫിലിം അൽഉല, നിയോം, ഇത്റ, റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയും ചിത്രത്തിനുണ്ട്.

സൗദി അറേബ്യയുടെ തനതായ കഥകൾ ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയാണ് ഈ നാഴികക്കല്ല് സൂചിപ്പിക്കുന്നത്. അക്കാദമിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ലോകമെമ്പാടുമുള്ള നിരവധി സിനിമകളോടാണ് ഹിജ്റ മത്സരിക്കുന്നത്. മാർച്ച് 2026ൽ ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടക്കുന്ന 98-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ വിജയിയെ പ്രഖ്യാപിക്കും.

ഓസ്‌കർ പ്രഖ്യാപനത്തിന് മുന്നോടിയായി ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ആറ് വരെ നടന്ന 82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്പോട്ട്ലൈറ്റ് മത്സരത്തിൽ പ്രദർശിപ്പിക്കാനായി ഹിജ്റ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രാദേശിക കഥപറച്ചിലിന്റെ വൈവിധ്യവും രാജ്യത്തിന്റെ സാംസ്കാരികപരമായ സമ്പന്നതയും പ്രതിഫലിപ്പിക്കുന്ന സൗദി സിനിമയുടെ ഏറ്റവും പുതിയ നിർമാണങ്ങളിൽ ഒന്നാണ് ഹിജ്റ.

Tags:    
News Summary - The brilliance of Saudi Arabian cinema: Shahad Amin's 'Hijra' nominated for an Oscar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.