‘തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനം പ്രഫ ഡോ. മഹമൂദ് മൂത്തേടത്ത് എൻജി. മുഷ്താഖ് കുവൈത്തിന് ആദ്യ പ്രതി നൽകി നിർവഹിക്കുന്നു
ദമ്മാം: മാലിക് മഖ്ബൂൽ തയാറാക്കി കോഴിക്കോട്ടെ ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച ‘തമസ്കൃതരുടെ സ്മാരകം’ എന്ന പഠനഗ്രന്ഥത്തിെൻറ പ്രകാശനം ദമ്മാമിൽ നടന്നു. റോസ് റസ്റ്റാറൻറിൽ മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾചറൽ സ്റ്റഡീസാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്. അൽ ഖസീം യൂനിവേഴ്സിറ്റി പ്രഫസർ ഡോ. മഹമൂദ് മൂത്തേടത്ത് സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനുമായ എൻജി. മുഷ്താഖ് കുവൈത്തിന് ആദ്യ പ്രതിനൽകി പ്രകാശനം നിർവഹിച്ചു.
ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷതവഹിച്ചു. സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറിൽ നടന്ന ധീരോദാത്തമായ പോരാട്ടമായിരുന്നു മലബാർ സമരമെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ സംഭവം മായ്ച്ചുകളയാൻ ബോധപൂർവമായ ഇടപെടലുകൾ പല ഭാഗത്തുനിന്നുമുണ്ടാവുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പുസ്തകങ്ങൾ തീർക്കുന്ന സാംസ്കാരിക പ്രതിരോധങ്ങൾ സമൂഹത്തിൽ വലിയ അലയൊലികൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാജിദ് ആറാട്ടുപുഴ പുസ്തക പരിചയം നടത്തി. കാലത്തിെൻറ അടരുകളിൽ മറഞ്ഞുപോയ ഓർമകളെ വർത്തമാനകാലത്തിെൻറ ഓർമകളിലേക്ക് തിരികെയെത്തിക്കാനുള്ള ദൗത്യമാണ് തമസ്കൃതരുടെ സ്മാരകം എന്ന പുസ്തകം നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് കുട്ടി കോഡൂർ, പ്രദീപ് കൊട്ടിയം, ഇ.കെ. സലീം, ജമാൽ വില്ല്യാപ്പള്ളി, ഷനീബ് അബൂബക്കർ, ഖാദർ വാണിയമ്പലം എന്നിവർ സംസാരിച്ചു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. സി. അബ്ദുൽ ഹമീദ്, റഹ്മാൻ കാര്യാട് എന്നിവർ ഉപഹാരങ്ങൾ കൈമാറി. ഒ.പി. ഹബീബ് സ്വാഗതവും അബ്ദുൽ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.