തനിമ സംഘടിപ്പിച്ച സകാത് സെമിനാറിൽ റഹ്മത്തെ ഇലാഹി നദ്വി സംസാരിക്കുന്നു
റിയാദ്: ഇസ്ലാമിൽ സമ്പത്തിന്റെ ഉടമാവകാശം ദൈവത്തിനാണെന്നും സൂക്ഷ്മമായ കൈകാര്യകർതൃത്വമാണ് മനുഷ്യരിൽ നിക്ഷിപ്തമെന്നും സഹജീവികളിൽ പ്രയാസവും ദുരിതവും അനുഭവിക്കുന്നവരെ കണ്ടെത്തി അത് പരിഹരിക്കുകയാണ് സകാത് ലക്ഷ്യമാക്കുന്നതെന്നും തനിമ സകാത് സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
‘സക്കാത് ജീവിതത്തിന് നിറം പകരുന്നു’ എന്ന ശീർഷകത്തിൽ റിയാദ് ചെറീസ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ വനിതകളടക്കം നിരവധിപേർ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് റഹ്മത്തെ ഇലാഹി നദ്വി വിഷയമവതരിപ്പിച്ചു. ആർത്തിയിൽനിന്നും പിശുക്കിൽനിന്നും മനുഷ്യനെ സംസ്കരിക്കുകയും സാഹോദര്യവും സഹവർത്തിത്വവും പ്രദാനം ചെയ്യുന്നതുമായ സാമൂഹിക മാനമുള്ള ആരാധനയാണ് സകാത്.
നമസ്കരിക്കാൻ സൗകര്യങ്ങൾ ഉണ്ടാക്കുന്നതുപോലെ സകാത് സംഭരണത്തിനും വിതരണത്തിനും സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് മുസ്ലിം ഉമ്മയുടെ അടിയന്തര പ്രാധാന്യമുള്ള ചുമതലയാണെന്നും അതിന് വിഘ്നം വരുത്തുന്നവർ മനോഹരമായ ഈ തത്ത്വശാസ്ത്രത്തെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി മൂടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തനിമ പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ താജുദ്ദീൻ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുല്ലത്തീഫ് ‘ബൈത്തുസകാത് കേരള’യുടെ പിന്നിട്ട 25 വർഷം അവതരിപ്പിച്ചു.
ശാസ്ത്രീയമായും സുതാര്യമായും സാധാരണ മനുഷ്യരെ ശാക്തീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച ‘ബൈത്തുസകാത്’ കേരളീയ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
സകാത് സംബന്ധമായ സദസ്സിന്റെ സംശയങ്ങൾ നിവാരണം ചെയ്തു. പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും സദ്റുദ്ദീൻ കീഴിശ്ശേരി നന്ദിയും പറഞ്ഞു. നബീഹ് അബ്ദുല്ലത്തീഫ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.