തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ്
കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് സിൽവർ ജൂബിലി വാർഷികാഘോഷം ഒക്ടോബർ 24 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിൽ ‘അദ്നാൻ മെഹ്ഫിൽ-25’ എന്ന തലവാചകത്തിൽ എക്സിറ്റ് 26 മക്ക റോഡിലുള്ള ഫ്ലെമിംഗോ മാളിൽ വൈകീട്ട് നാല് മുതൽ രാത്രി 12 മണി വരെ വേദി സജീവമാകുമെന്നും സംഘാടകർ പറഞ്ഞു.
പ്രശസ്ത ഗായകരായ ആബിദ് കണ്ണൂരും സജിലി സലീമും നയിക്കുന്ന കലാരാത്രിയിൽ റിയാദിലെ പ്രാദേശിക കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധ പരിപാടികൾ അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി 'പുഡ്ഡിംഗ് ഫെസ്റ്റ്' എന്ന പേരിൽ പ്രത്യേക പാചകമത്സരവും സംഘടിപ്പിക്കും. രുചിയൂറും തലശ്ശേരി വിഭവങ്ങൾ ഉൾക്കൊളിച്ചുള്ള ഫുഡ് സ്റ്റാളുകളും ആഘോഷ നഗരിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. രണ്ടര പതിറ്റാണ്ടിലേറെക്കാലമായി ജീവകാരുണ്യ മേഖലയിൽ സജീവമായി ഇടപെടുന്ന തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദിലെ അഞ്ഞൂറോളം വരുന്ന തലശ്ശേരി സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മയാണ്. നാട്ടിലും റിയാദിലും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് സംഘടന സാധ്യമാകുന്ന ഇടപെടൽ നടത്തിവരുന്നുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് സേവനവും സഹായവും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ തൻവീർ ഹാഷിം (പ്രസിഡന്റ്), ടി.ടി ഷമീർ (ജനറൽ സെക്രട്ടറി), അഫ്താബ് അമ്പിലായിൽ (വൈസ് പ്രസിഡന്റ്), പി.സി ഹാരിസ് (ഇവന്റ് ഹെഡ്), വി.സി അഷ്കർ (സ്പോൺസർഷിപ് ഹെഡ്), അബ്ദുൽ ഖാദർ മോച്ചേരി (സ്പെഷ്യൽ പ്രൊജക്റ്റ് ഹെഡ്) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.