ജിദ്ദ: മക്ക മേഖലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലുണ്ടായ മഴയിൽ കൂടുതൽ കെടുതികളുണ്ടായത് അല്ലീതിൽ. അതിശക്തമായ മഴയാണ് പ്രദേശത്തുണ്ടായത്. വാദി അല്ലീതിലെ താൽകാലിക തടയണ തകർന്നതാണ് റോഡുകളിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറാൻ കാരണമായത് എന്നാണ് റിപ്പോർട്ട് . ഹയ്യ് കുലൈബിയയിലാണ് ഏറ്റവും കുടുതൽ കെടുതി റിപ്പോർട്ട് ചെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായി. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. താഴ്വരകൾ കവിഞ്ഞൊഴുകി. വൈദ്യുതി പോസ്റ്റുകൾ വീണു. ഇതേ തുടർന്ന് ചില ഭാഗങ്ങളിൽ വൈദ്യുതി നിലച്ചു. നിരവധി പേർ വീടിനുള്ളിലും വാഹനത്തിലും കുടുങ്ങി. സിവിൽ ഡിഫൻസ് എത്തിയാണ് പലരേയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനും സഹായത്തിനും സിവിൽ ഡിഫൻസിന് കീഴിലെ മുങ്ങൽ വിദഗ്ധരടക്കം സന്നദ്ധ സേവകരും സ്ഥലത്തുണ്ട്. വിവിധ വകുപ്പുകളും സേവനങ്ങളുമായി രംഗത്തുണ്ട്. റോഡുകളിലെ ചളിയും വെള്ളവും നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
സിവിൽ ഡിഫൻസിെൻറ സഹായം തേടി 89 കാളുകളെത്തിയതായി മക്ക മേഖല അസി. വക്താവ് കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു. 69 ആളുകളെയും 23 വാഹനങ്ങളും രക്ഷപ്പെടുത്തി. എട്ട് കുടുംബത്തിൽ നിന്നുള്ള 45 പേർക്ക് അഭയം നൽകിയതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. പ്രത്യേക അടിയന്തിര സേവന പദ്ധതിയിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ അല്ലീത് ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽഖുബാഅ് സന്ദർശിച്ചു. മക്ക മേഖല സിവിൽ ഡിഫൻസ് മേധാവി കേണൽ സാലിം അൽമത്റഫിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഗവർണർ ആളുകളെ ആശ്വാസിപ്പിച്ചു. റോഡുകളിലെ വെള്ളം നീക്കം ചെയ്യാൻ അല്ലീത് മുനിസിപ്പാലിറ്റി ജിദ്ദ മുനിസിപ്പാലിറ്റിയുടെ സഹായം തേടിയതായും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.