‘വഖഫ്, നാം അറിയേണ്ടത്’ എന്ന വിഷയത്തിൽ തനിമ ജിദ്ദ നോർത്ത് വനിതാ വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ വെബിനാറിൽ സി.വി. ജമീല സംസാരിക്കുന്നു
ജിദ്ദ: ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ കാലിടറി വീഴുന്നവർക്ക് ജാതി, മത ഭേദമന്യേ പ്രയോജനപ്പെടുന്ന സംവിധാനമാണ് വഖഫെന്നും അത് തകർക്കാനും നിയമത്തിന്റെ മറവിൽ അന്യായമായി കൈയടക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സാമൂഹിക പ്രവർത്തകയും പൊന്നാനി ഐ.എസ്.എസ് അറബിക് കോളേജ് പ്രിൻസിപ്പലുമായ സി.വി ജമീല പറഞ്ഞു.
‘വഖഫ്, നാം അറിയേണ്ടത്’ എന്ന വിഷയത്തിൽ തനിമ ജിദ്ദ നോർത്ത് വനിതാ വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ. വഖഫ് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. നൂറ്റാണ്ടുകളായി വഖഫ് സൗകര്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്നുണ്ട്.
പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ ലഭിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടനാ വിരുദ്ധ നടപടികളിൽനിന്ന് സർക്കാരിനെ പിന്തിരിപ്പിക്കാൻ സമൂഹത്തിന്റെ യോജിച്ച മുന്നേറ്റം ആവശ്യമാണെന്നും അവർ പറഞ്ഞു.
തനിമ വനിതാ വിഭാഗം പ്രസിഡന്റ് തസ്നീം നിസാർ അധ്യക്ഷത വഹിച്ചു. മുംതാസ് മഹ്മൂദ് സ്വാഗതവും അഫ്സാന നന്ദിയും പറഞ്ഞു. മുഹ്സിന ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.