‘സർജിക്കൽ റോബോട്ട്’ സംവിധാനം സൗദി ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ പരിശോധിച്ചപ്പോൾ
മക്ക: ഈ വർഷം ഹജ്ജ് സീസണിൽ ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതിക വിദ്യകളിലൊന്നായ സർജിക്കൽ റോബോട്ട് ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തൊറാസിക് സർജറി, യൂറോളജി, ഗർഭാശയ മുഴകൾ, കുടൽ മുഴകൾ, മലാശയ മുഴകൾ എന്നീ മേഖലകളിൽ സൂക്ഷ്മവും സങ്കീർണവുമായ ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളിലൊന്നാണിത്. ശസ്ത്രക്രിയ റോബോട്ടിന് ഉയർന്ന കൃത്യതയുണ്ട്. ഇത് മനുഷ്യ ശസ്ത്രക്രിയയുടെ ആവശ്യകത കുറക്കുന്നു.
യോഗ്യരായ സൗദി സർജനുകളാണ് ഇത് പ്രവർത്തിപ്പിക്കുക. ഇത് രോഗശാന്തിക്കുള്ള സമയദൈർഘ്യം കുറക്കുകയും രോഗികളുടെ സുരക്ഷ വർധിപ്പിക്കുകയും ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നൂതന പി.ഇ.ടി-സി.ടി സ്കാനർ ഒരുക്കിയതായും മന്ത്രാലയം വെളിപ്പെടുത്തി. പടിഞ്ഞാറൻ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തേതും മെഡിക്കൽ സ്കാനർ മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളിൽ ഏറ്റവും പ്രധാനപ്പെട്ടതുമായ ഉപകരണമാണിതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.