സൗദി സർഫിങ് ഫെഡറേഷൻ ജിദ്ദ യാച്ച് ക്ലബ്ബ് ബീച്ചിൽ സംഘടിപ്പിച്ച ‘സർഫിങ്‘ പരിശീലനത്തിൽ പങ്കെടുക്കുന്ന മലയാളികൾ
ജിദ്ദ: സൗദി സർഫിങ് ഫെഡറേഷൻ ജിദ്ദയിൽ ജലകായിക വിനോദമായ സർഫിങ്ങിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജിദ്ദ യാച്ച് ക്ലബ്ബിൽ രണ്ടുദിവസങ്ങളിലായി സ്റ്റാൻഡ് അപ്പ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തോടൊപ്പമാണ് സൗജന്യ സർഫിങ് പരിശീലനവും നടന്നത്.സർട്ടിഫൈഡ് പരിശീലകർക്ക് കീഴിൽ പരിശീലനം നേടാൻ മലയാളികളടക്കം നിരവധി പേരെത്തി. മനോഹരമായ ചെങ്കടൽ തീരത്തെ സർഫിങ് പുത്തൻ അനുഭവം സമ്മനിച്ചതായി പങ്കെടുത്തവർ പറഞ്ഞു.
സൗദി ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയുള്ള സൗദി ഫെഡറേഷൻ രാജ്യത്തെ ജലകായിക വിനോദങ്ങളിൽ ജനപ്രിയമായ എല്ലാത്തരം സർഫിങ് പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. കായിക വിനോദ രംഗങ്ങളിൽ യുവാക്കളെ കൂടുതൽ മികവുറ്റതാക്കി തീർക്കാനും രാജ്യത്തെ കായിക മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടികൾ നടക്കുന്നത്. പൊതുവെ തിരമാലകൾ കുറഞ്ഞ ചെങ്കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങളാണ് നവാഗതർക്ക് പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഴം കൂടിയ ഭാഗങ്ങളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം വേലികെട്ടി തിരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സുരക്ഷയും വൃത്തിയുള്ള ബീച്ച് പരിസരവുമാണ് ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽ മുഖ്യ ഘടകങ്ങൾ.
പരിശീലനം ആഗ്രഹിക്കുന്നവർ സൗദി സർഫിങ് അതോറിറ്റിയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കടലിൽ ഇറങ്ങുന്നതിന് മുമ്പ് പരിശീലകർ ആവശ്യമായ സുരക്ഷ നിർദേശങ്ങളും പങ്കായം തുഴയുന്ന രീതികളുമെല്ലാം വിശദീകരിച്ചു കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.