യാംബു: ജല കായിക വിനോദമായ ‘സർഫിങ്ങി’ൽ പരിശീലനവുമായി സൗദി സർഫിങ് ഫെഡറേഷൻ. യാംബു റോയൽ കമീഷൻ യൂത്ത് ബീച്ചിൽ കഴിഞ്ഞ രണ്ടുദിവസം സർഫിങ് പരിശീലനപരിപാടി ഒരുക്കി.
തീർത്തും സൗജന്യമായിരുന്ന പരിശീലന പരിപാടി യാംബുവിലെ ധാരാളം മലയാളികളും ഉയോഗപ്പെടുത്തി. സൗദി ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയുള്ള സർഫിങ് ഫെഡറേഷൻ രാജ്യത്തെ ജല കായിക വിനോദങ്ങളിൽ ആളുകളെ താൽപര്യമുള്ളവരും വിദഗ്ധരുമാക്കി മാറ്റാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കായിക വിനോദ രംഗങ്ങളിൽ യുവാക്കളെ കൂടുതൽ മികവുറ്റതാക്കി തീർക്കാനും രാജ്യത്തെ കായിക മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണിത്.
പൊതുവെ തിരമാലകൾ കുറഞ്ഞ ശാന്തമായ യാംബു റോയൽ കമീഷൻ യൂത്ത് ബീച്ചിലെ ചെങ്കടൽ തീരത്തോട് അടുത്ത ഭാഗത്തെ ആഴം കുറഞ്ഞ നിശ്ചിത ഭാഗങ്ങളാണ് നവാഗതർക്ക് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.
ആഴം കൂടിയ ഭാഗങ്ങളിലേക്ക് സർഫിങ് കായിക പ്രേമികൾ പോകാതിരിക്കാൻ അതിരുകെട്ടി തിരിച്ചിട്ടുണ്ട്.
ആകർഷകവും വൃത്തിയുള്ളതുമായ ബീച്ച് പരിസരം ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽ മുഖ്യഘടകമാണ്.
പരിശീലനം ആഗ്രഹിക്കുന്നവർ സൗദി സർഫിങ് ഫെഡറേഷന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്താണ് രജിസ്ട്രേഷൻ നേടിയത്. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സ്പോട്ട് രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
കടലിൽ ഇറങ്ങുന്നതിന് മുമ്പ് പരിശീലകർ ആവശ്യമായ സുരക്ഷയും കടലിലിറക്കുന്നതിന് മുമ്പ് ‘സർഫർ’ ഉപകരണം എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതും സംബന്ധിച്ച നിർദേശങ്ങളും പങ്കായം തുഴയുന്ന രീതികളുമെല്ലാം ട്രെയിനർമാർ വിശദീകരിച്ചു കൊടുത്തു. കടലിൽ ഇറങ്ങുന്നവർക്ക് സേഫ്റ്റി ജാക്കറ്റും ധരിക്കാൻ നൽകുന്നുണ്ട്.
ജീവിതത്തിൽ പുത്തൻ അനുഭവമാണ് ‘സർഫിങ്’ പരിശീലനത്തിലൂടെ നേടിയതെന്നും ഇത്തരം അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുന്നതായും മലയാളി സഞ്ചാരികളുടെ കൂട്ടായ്മയായ ‘യാംബു ഫ്ലൈ ബേഡ്സ്’ ക്ലബ് അംഗങ്ങൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.