യാംബു: സൗദി അറേബ്യയിൽ വേനൽക്കാലം അവസാനിക്കുകയാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനിലയിൽ ക്രമാനുഗതമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഡിസംബർ ഒന്ന് മുതൽ രാജ്യത്ത് ശൈത്യകാലത്തിന് തുടക്കം കുറിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. വിവിധ ഭാഗങ്ങളിൽ മഴക്കുള്ള സാധ്യതയുണ്ട്. കാലാവസ്ഥമാറ്റം സുഖകരവും താരതമ്യേന സ്ഥിരതയുള്ളതുമാണ്. തീവ്രമായ കാലാവസ്ഥ പ്രതിഭാസങ്ങളൊന്നുമില്ലാത്ത വർഷമായിരുന്നു 2025 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ശൈത്യകാലം പൊതുവെ തണുപ്പിന് കാഠിന്യം കുറവായിരിക്കും. തെക്കൻ പ്രദേശങ്ങളിലായിരിക്കും വരുംദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഡിസംബർ അവസാനത്തോടെ രാജ്യത്തിന്റെ മിക്ക മേഖലകളിലും താപനില ഘട്ടം ഘട്ടമായി കുറഞ്ഞു വരും. താപനിലയിൽ കുറയുന്നതിന്റെ പ്രാരംഭ സൂചകങ്ങൾ ഇതിനകം എങ്ങും പ്രകടമായിട്ടുണ്ട്. ഡിസംബർ മാസം സാധാരണയായി ഏറ്റവും മഴയുള്ള മാസങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് വടക്കുകിഴക്കൻ ഭാഗങ്ങളിൽ മഴ ശരാശരിയോ അതിൽ കൂടുതലോ ആയിരിക്കുമെന്നും പ്രവചിക്കപ്പെടുന്നുണ്ട്. എങ്കിൽ പോലും ഇത്തവണ തണുപ്പ് കഠിനമാകാനിടയില്ല.
ശനിയാഴ്ച വരെ ജിസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. മദീന, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ പൊടിയും മണലും ഇളക്കിവിടും വിധം കാറ്റ് ശക്തിയായി വീശാനുമിടയുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.