യാംബു: സൗദി അറേബ്യയിൽ വേനൽ കൂടുതൽ ചൂടാവുന്നു. കിഴക്കൻ പ്രവിശ്യയിലെ ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷം ചുട്ടുപൊള്ളും. ചൂട് വർധിക്കാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു മേഖലകളിൽ അന്തരീക്ഷം പൊടിക്കാറ്റിലും മൂടും. തെക്കൻ മേഖലയിലെ ജിസാൻ, അസീർ പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടി മിന്നലിനും മഴക്കും സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു.
മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ സജീവമായ കാറ്റും അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ചില പ്രദേശങ്ങളിൽ ശക്തമായി അനുഭവപ്പെടുന്ന പൊടിക്കാറ്റ് പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ ആവശ്യമായ നടപടികൾ തുടരുന്നതായി അധികൃതർ അറിയിച്ചു. കൊടും ചൂടിന്റെയും ശക്തമായ പൊടിക്കാറ്റിന്റെയും സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വർധിച്ചുവരുന്ന മണൽക്കാറ്റുകളുടെ ആഘാതം ലഘൂകരിക്കാനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ ഇതിനകം രാജ്യത്ത് പൂർത്തിയാക്കി വരികയാണ്.
സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, മിഡിലീസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുമായി പൊരുത്തപ്പെടുന്ന പരിസ്ഥിതി നയങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. വൈദ്യുതി ലൈനുകൾ, ടെലികോം ശൃംഖലകൾ, വ്യവസായിക യന്ത്രങ്ങൾ എന്നിവയെ തകർക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് മാത്രമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും പൊടിക്കാറ്റുകൾ ഒരു പ്രധാന ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിനെ പ്രതിരോധിക്കാൻ വിവിധ സംവിധാനങ്ങളാണ് രാജ്യം നടപ്പാക്കി വരുന്നത്. പൊടിക്കാറ്റിന്റെ വ്യാപനത്തിന് പരിഹാരം കാണാൻ സൗദി അറേബ്യ രാജ്യവ്യാപകമായി 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നു.
7.4 കോടി ഹെക്ടർ സ്ഥലത്ത് വനവത്കരണം നടത്തുന്നു. പാരിസ്ഥിതിക പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുക, മരുഭൂമീ കരണം കുറക്കുക, രാജ്യത്തുടനീളം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.