അ​സ​ർ​ബൈ​ജാ​നി​ലെ​ത്തി​യ സു​നി​ൽ മു​ഹ​മ്മ​ദ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ബി. ​വ​ൻ​ലാ​ൽ​വാ​വ​ന, സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ പാ​ണ്ഡെ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ വി​ൻ തോ​മ​സ്​ എ​ന്നി​വ​രോ​ടൊ​പ്പം

അസർബൈജാനിൽ വിദ്യാഭ്യാസ സാധ്യതകൾ തേടി ഗൾഫിലെ വിദ്യാർഥികൾ

ദമ്മാം: അസർബൈജാനിൽ വിദ്യാഭ്യാസ സാധ്യതകൾ തേടി ഗൾഫിലെ മലയാളികളടക്കമുള്ള വിദ്യാർഥികൾ. വിദേശ യൂനിവേഴ്സിറ്റികളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് മികച്ച സാധ്യതകളാണ് അസർബൈജാൻ ഒരുക്കുന്നതെന്ന് ദമ്മാം ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി മുൻ ചെയർമാനും വിദ്യാഭ്യാസ പ്രവർത്തകനുമായ സുനിൽ മുഹമ്മദ് പറഞ്ഞു. അസർബൈജാനിലെ ഇന്ത്യൻ അംബാസഡർ ബി. വൻലാൽവാവ്നയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ മനസ്സിലാക്കാനായതെന്ന് സുനിൽ മുഹമ്മദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

ലോകാരോഗ്യ സംഘടനയടക്കം നിരവധി അന്താരാഷ്ട്ര ഏജൻസികളുടെ അംഗീകാരമുള്ള അസർബൈജാൻ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ സൗദിയിൽ നിന്നുൾപ്പെടെയുള്ള നുറുകണക്കിന് മലയാളി വിദ്യാർഥികളാണ് പഠിക്കുന്നത്. ചെലവുകുറഞ്ഞതും മികച്ചതുമായ പഠനസാധ്യതകൾ കണക്കിലെടുത്താണ് വിദ്യാർഥികൾ അധികവും വിദേശ യൂനിവേഴ്സിറ്റികളെ ആശ്രയിക്കുന്നത്. നിലവിൽ യുക്രൈൻ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുക്കാവുന്ന പുതിയ ഇടമാണ് അസർബൈജാനെന്ന് സുനിൽ പറഞ്ഞു.

ഇന്ത്യൻ ഹോസ്റ്റലും ഭക്ഷണ സൗകര്യവും അടക്കം യൂനിവേഴ്സിറ്റി സമുച്ചയത്തിനുള്ളിൽ തന്നെ കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയുന്നതും ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ പരിശീലനം നടത്താൻ കഴിയുമെന്നതും അനുകൂലഘടകമാണ്. യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് അസർബൈജാനിൽ പഠനം തുടരാനുള്ള സാധ്യതകൾ പ്രതീക്ഷ നൽകുന്നതാണെന്നും എന്നാൽ, 2018 ലെ ഇന്ത്യൻ നിയമം ഇത്തരം ട്രാൻസ്ഫർ അനുവദിക്കുന്നില്ല എന്നത് വലിയൊരു തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം പ്രത്യേക ക്ഷണപ്രകാരം അസർബൈജാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സുനിൽ മുഹമ്മദ് ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസും സുരക്ഷിതത്വവും മികച്ച വിദ്യാഭ്യാസവുമാണ് അസർബൈജാനിൽ ലഭിക്കുന്നതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ വിദ്യാഭ്യാസത്തിന് പുറമെ സൗദിയിലെ പ്രമുഖ കമ്പനികളിൽ ഉൾപ്പെടെ മികച്ച ജോലി സാധ്യതകൾ ഉള്ള പെട്രോളിയം എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ എൻജിനീയറിങ് കോഴ്സുകൾക്കും പറ്റിയ യൂനിവേഴ്സിറ്റികൾ അവിടെയുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ടര മണിക്കൂർ പറക്കുന്ന ദൂരം മാത്രമാണ് അസർബൈജാനുമായുള്ളത്.

കിഴക്കൻ യൂറോപ്പിൽ ഇന്ത്യൻ എംബസിയുള്ള രാജ്യങ്ങളിൽ ഒന്നുകൂടിയാണ് അസർബൈജാൻ എന്നതും അനുകൂല ഘടകമാണ്. അവിടെ പഠിക്കുന്ന കുട്ടികളും ഇന്ത്യൻ എംബസി പ്രതിനിധികളും ഉൾപ്പെടുന്ന വാട്സ് ആപ് ഗ്രുപ്പുകൾ സജീവമാണ്. ഇന്ത്യൻ സമൂഹത്തിലെ എല്ലാ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും വിദ്യാർഥികൾക്ക് എംബസിയിൽ വന്നു കലാപരിപാടികൾ അവതരിപ്പിക്കാനും ആഘോഷിക്കാനും അവസരമൊരുക്കാറുണ്ടെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അജയ് കുമാർ പാണ്ഡെ പറഞ്ഞു.

ലോക കേരളസഭ അംഗങ്ങൾ ഉൾപ്പെടുന്ന അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലെ ഇന്ത്യൻ സമൂഹത്തി‍െൻറ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ സഹായവും സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Students in the Gulf looking for educational opportunities in Azerbaijan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.