അൽഉല പൗരാണിക മേഖല

അൽഉലയുടെ പ്രകൃതി സംരക്ഷിക്കാൻ കർശന നടപടി

അൽഉല: യുനെസ്​കോയുടെ ലോക പൈതൃക കേന്ദ്രമായ അൽഉലയിലെ അമൂല്യമായ സസ്യജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് റോയൽ കമീഷൻ. പ്രകൃതിദത്തമായ പച്ചപ്പിന് നാശമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താൻ കമീഷൻ തീരുമാനിച്ചു.

മേഖലയിലെ ജൈവവൈവിധ്യം തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ തടയുന്നതിലൂടെ മണ്ണൊലിപ്പും മരുഭൂമീകരണവും ഇല്ലാതാക്കുകയാണ് ലക്ഷ്യം. നിയമലംഘനം ആവർത്തിക്കുന്നതനുസരിച്ച് പിഴത്തുക വർധിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1000 റിയാലും മൂന്നാം തവണയും ആവർത്തിച്ചാൽ 2000 റിയാലുമാണ്​ പിഴ.

സുസ്ഥിര വികസനം എന്ന ലക്ഷ്യത്തോടെയാണ്​ നടപടി. ‘അൽഉല സസ്​റ്റൈനബിലിറ്റി ചാർട്ടറിന്‍റെ’ അടിസ്ഥാനത്തിലാണ് ഈ നീക്കം. നിശ്ചിത പാതകളിലൂടെയല്ലാതെ വാഹനങ്ങൾ ഓടിക്കുന്നത് മണ്ണിലെ സസ്യജാലങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടത് അനിവാര്യമാണെന്നും റോയൽ കമീഷൻ വ്യക്തമാക്കി.

അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ ഓടിക്കുക, നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം ക്യാമ്പിങ്​ നടത്തുക, പരിസ്ഥിതി നിർദേശങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയവയാണ്​ സന്ദർശകർക്കുള്ള നിബന്ധനകൾ.

സൗദി വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്കൊപ്പം നിന്നുകൊണ്ട്, അൽഉലയുടെ പൈതൃകവും പ്രകൃതിഭംഗിയും കാത്തുസൂക്ഷിക്കാൻ താമസക്കാരും സന്ദർശകരും സഹകരിക്കണമെന്ന് റോയൽ കമീഷൻ അഭ്യർഥിച്ചു. നിയമലംഘനങ്ങൾ കണ്ടെത്താൻ മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Strict measures to protect Al Ula's nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.