റിയാദ്: യമനിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററും (കെ.എസ് റിലീഫ്) ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐ.ഒ.എം) തമ്മിൽ സംയുക്ത കരാറിൽ ഒപ്പുവെച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 80ാമത് ജനറൽ അസംബ്ലിയിൽ കെ.എസ് റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഅയും ഐ.ഒ.എം ഡയറക്ടർ ജനറൽ എമി പോപ്പും ചേർന്നാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
യമനിലെ ആഭ്യന്തര കലാപം കാരണം തകർന്ന വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കരാറിന്റെ ഭാഗമായി ഏദൻ, ലാഹ്ജ്, തായിസ് എന്നിവിടങ്ങളിലെ 12 സ്കൂളുകൾ പുനർനിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഇത് വിദ്യാർഥികൾക്ക് അനുകൂലമായ പഠനാന്തരീക്ഷം ഒരുക്കാനും വെല്ലുവിളികൾക്കിടയിലും വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും.
യമനിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ഒരു നിർണായക ചുവടുവെപ്പാണ് ഈ കരാർ. വിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കുന്നതിലൂടെ, കെ.എസ് റിലീഫ് കുട്ടികളുടെ ഭാവിക്കും സമൂഹത്തിന്റെ ഉന്നമനത്തിനും സുസ്ഥിരമായ അടിത്തറ പാകുകയാണ്. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിലൂടെയാണ് ഈ ഉദ്യമം സാധ്യമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.