മക്ക മസ്ജിദുൽ ഹറാമിൽ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സംവിധാനം
മക്ക: മസ്ജിദുൽ ഹറാമിൽ എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും കൂടുതൽ സുഖകരവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പാതകൾ ഒരുക്കി. ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റിയാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
ദൈവത്തിന്റെ അതിഥികളായി എത്തുന്നവർക്ക് യാതൊരുവിധ പ്രയാസങ്ങളുമില്ലാതെ ആരാധനകൾ നിർവഹിക്കാനും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നീക്കം. തിരക്കേറിയ സമയങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കുന്ന തരത്തിൽ അതീവ ശ്രദ്ധയോടെയാണ് പാതകൾ ക്രമീകരിച്ചിരിക്കുന്നത്.
അജിയാദ് ബ്രിഡ്ജ്, അൽ മർവ എലിവേറ്ററുകൾ, അൽ അർഖം ബ്രിഡ്ജ്, അൽ അർഖം എലിവേറ്ററുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ പ്രത്യേക വഴികൾ സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ വിവിധ നിലകളിലേക്കുള്ള യാത്രയും പ്രവേശനവും കൂടുതൽ ലളിതമാകും. മാനുഷിക പരിഗണനക്കും സേവന നിലവാരത്തിനും മുൻഗണന നൽകിക്കൊണ്ട് ഭരണകൂടം നടപ്പാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ.
ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ആവശ്യമായ പ്രത്യേക പരിഗണന നൽകുകയും അവർക്ക് പള്ളിയിലെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിച്ചേരാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നത് ഹജ്ജ്-ഉംറ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. ഹറം പള്ളിയിലുടനീളം സ്ഥാപിച്ചിട്ടുള്ള ഗൈഡൻസ് ബോർഡുകളും മാപ്പുകളും കൃത്യമായി ഉപയോഗപ്പെടുത്താൻ അധികൃതർ സന്ദർശകരോട് നിർദേശിച്ചു.
ഈ മാപ്പുകളിൽ പ്രത്യേക പാതകൾ, എലിവേറ്ററുകൾ, മറ്റ് സഹായ സേവനങ്ങൾ എന്നിവ എവിടെയെല്ലാമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സുരക്ഷിതവും സമാധാനപരവുമായ തീർഥാടനം ഉറപ്പാക്കുക എന്നതാണ് ഈ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.