ഡോ. ബി.എൻ. സുരേഷ് കുട്ടികളുമായുള്ള സംവാദപരിപാടിയിൽ സംസാരിക്കുന്നു
റിയാദ്: വിഖ്യാത എയ്റോസ്പേസ് ലുമിനറി ഡോ. ബി.എൻ. സുരേഷുമായി കുട്ടികൾക്ക് സംവദിക്കാൻ വേദിയൊരുക്കി റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ. ലോഞ്ച് വെഹിക്കിൾ ഡിസൈൻ, എയ്റോസ്പേസ് നാവിഗേഷൻ, കൺട്രോൾ ആൻഡ് ആക്ച്വേഷൻ സിസ്റ്റംസ്, വെഹിക്കിൾ ഇലക്ട്രോണിക്സ്, മോഡലിങ്, സിമുലേഷൻ എന്നീ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പ്രശസ്ത എയ്റോസ്പേസ് എൻജിനീയറാണ് അദ്ദേഹം. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറും ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ഹോണററി വിശിഷ്ട പ്രഫസറുമാണ്. ഇന്ത്യൻ നാഷനൽ അക്കാദമി ഓഫ് എൻജിനീയറിങ്ങിെൻറ പ്രസിഡൻറായിരുന്ന അദ്ദേഹം ഇന്ത്യയുടെ വിവിധ വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപനക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. സയൻസ് ആൻഡ് ടെക്നോളജിക്കുള്ള സംഭാവനകൾ പരിഗണിച്ച് ഇന്ത്യ ഗവൺമെൻറ് അദ്ദേഹത്തിന് 2002-ൽ പത്മശ്രീയും 2013-ൽ പത്മഭൂഷണും സമ്മാനിച്ചു.
സയൻസ് ഇന്ത്യൻ ഫോറം സൗദി ചാപ്റ്ററുമായി സഹകരിച്ചാണ് അൽ യാസ്മിൻ സ്കൂളിൽ സംവാദപരിപാടി ഒരുക്കിയത്. ‘കരിയർ ഇൻ സ്പേസ് ആൻഡ് ടെക്നോളജി’ എന്ന വിഷയത്തിലായിരുന്നു സംവാദം. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് ഡോ. സുരേഷിനെ സ്വാഗതം ചെയ്തു. ഡോ. ബി.എൻ. സുരേഷ്, ബഹിരാകാശത്തേയും സാങ്കേതികവിദ്യയേയും കുറിച്ചുള്ള ഉൾക്കാഴ്ച സദസ്സുമായി പങ്കുവെച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഫിനാൻഷ്യൽ അനലിസ്റ്റ് ഇബ്രാഹിം സുബ്ഹാൻ, സിമാറ്റ് കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ റോജി മാത്യു, സയൻസ് ഇന്ത്യ ഫോറം ദേശീയ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, ശാസ്ത്ര പ്രതിഭ മത്സരം ദേശീയ പരീക്ഷ കൺട്രോളർ പത്മിനി യു. നായർ, കോഓഡിനേറ്റർ നിഖിൽ ശങ്കർ, അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ ഡെപ്യൂട്ടി ജനറൽ മാനേജർ സുൽത്താൻ തൗഹാരി, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ തൻവീർ ആലം, കെ.ജി. വിഭാഗം ഹെഡ്മിസ്ട്രസ് റിഹാന അംജദ്, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് ഫലകം സമ്മാനിച്ച് ഡോ. ബി.എൻ. സുരേഷിനെ ആദരിച്ചു. ഗേൾസ് വിഭാഗം പ്രധാനാധ്യാപിക സംഗീത അനൂപ് പരിപാടിക്ക് നേതൃത്വം നൽകി. ബോയ്സ് വിഭാഗം പ്രഥമാധ്യാപകൻ തൻവീർ സിദ്ദീഖി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.