റോഹിങ്ക്യൻ അഭയാർഥികൾക്കായി സൗദി; 177 ദശലക്ഷം ഡോളർ നൽകി -ഡോ.അൽ റബീഅ
റിയാദ്: 2017 മുതൽ റോഹിങ്ക്യൻഭരണ പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിനായി സൗദി അറേബ്യ 177 ദിലശലക്ഷം യു.എസ് ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ടെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന യു.എൻ സഭയുടെ എൺപത്തിയൊന്നാമത് ജനറൽ അസംബ്ലിയുടെ ഭാഗമായി അമേരിക്ക, യു.കെ, ബംഗ്ലാദേശ്, മലേഷ്യ, തുർക്കിയ, ഗാംബിയ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ 'റോഹിങ്ക്യകളെ' കുറിച്ച് സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കവെയാണ് അൽറബീഅ ഇക്കാര്യം പറഞ്ഞത്.
ലഭ്യമായ ഫണ്ടിങ് വിഭവങ്ങൾ പരിമിതമായി തുടരുമ്പോൾ തന്നെ മാനുഷിക ആവശ്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽ റബീഅ സൂചിപ്പിച്ചു. ഏകദേശം 16 ലക്ഷം റോഹിങ്ക്യൻ അഭയാർഥികളെയും അവരെ സ്വീകരിച്ച സമൂഹത്തിലെ അംഗങ്ങളെയും പിന്തുണയ്ക്കുന്നതിനായി 2026ലെ സംയുക്ത പദ്ധതിക്ക് 71 കോടി യു.എസ് ഡോളറിലധികം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയിൽ നിലനിർത്തുന്നതിൽ തുടരുന്ന ആഗോള ശ്രമങ്ങൾക്ക് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ നന്ദി രേഖപ്പെടുത്തി. അവരുടെ മാനുഷിക സാഹചര്യം ഇപ്പോഴും അതീവ ആശങ്കാജനകമാണെന്നും പത്ത് ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികൾ ബംഗ്ലാദേശിൽ കഴിയുന്നുണ്ടെന്നും അവരിൽ പലരും മാനുഷിക സഹായങ്ങളെ പൂർണ്ണമായും ആശ്രയിച്ചാണ് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവിക സഹായങ്ങൾ മാത്രം പോരെന്നും റോഹിങ്ക്യൻ അഭയാർഥികൾക്ക് സുരക്ഷിതമായും സജ്ജമായും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ അവരുടെ മടക്കയാത്ര സുസ്ഥിരമാണെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ മ്യാൻമാറിൽ സാഹചര്യങ്ങൾ ഒരുക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. അടിയന്തര മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനും അഭയാർഥികളെ സ്വീകരിച്ച സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും റോഹിങ്ക്യൻ അഭയാർഥികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയാകുന്നതിനും രാജ്യങ്ങൾക്കൊപ്പം സൗദിയും തുടർന്നും പ്രവർത്തിക്കുമെന്ന് അൽറബീഅ പറഞ്ഞു. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പ്രത്യേകിച്ച് ഗുരുതരമായ ലംഘനങ്ങളുടെ ഫലമായി വലിയ അപകടങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എൻ സഭയുടെ മനുഷ്യാകാശങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതുപോലെ നിലവിലുള്ള സാഹചര്യങ്ങൾ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്ന് ചൂണ്ടിക്കാട്ടിയ അൽ റബീഅ ഗുരുതരമായ ലംഘനങ്ങൾക്ക് അന്ത്യം കുറിക്കേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.