ഷംലി ഫൈസൽ വരച്ച ‘സോനം വാങ്ചുകി’െൻറ പെയിൻറിങ്
ദമ്മാം: ഡൽഹി തെരുവുകളിൽ നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥി പ്രക്ഷോഭം അണപൊട്ടിയപ്പോൾ, പ്രവാസലോകത്തുനിന്ന് വ്യത്യസ്തമായൊരു ഐക്യപ്പെടലിലൂടെ ശ്രദ്ധ നേടുകയാണ് ചിത്രകാരിയും വ്ലോഗറുമായ ഷംലി ഫൈസൽ. വിദ്യാർത്ഥി സമരത്തിന് ഊർജ്ജവും പ്രചോദനവുമായ ലഡാക്കിലെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കിെൻറ റിയലിസ്റ്റിക് ചിത്രം വരച്ചാണ് ഷംലി തെൻറ പ്രതിഷേധവും ഐക്യദാർഢ്യവും രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ ചിത്രരചനയുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. അനുകൂലിച്ചും വിമർശിച്ചും നിരവധി കമൻറുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘മുമ്പും ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും, ഹൃദയത്തിലെ യഥാർഥ വികാരങ്ങൾ ചാലിച്ചാണ് സോനം വാങ്ചുക്കിെൻറ ചിത്രം പൂർത്തിയാക്കിയത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
എന്നാൽ പുതിയ തലമുറയെ സമരരംഗത്തേക്ക് നയിക്കുന്നതിൽ വാങ്ചുക് നടത്തിയ നിരാഹാര സമരം വലിയ പങ്കുവഹിച്ചു. തലമുറകളെക്കുറിച്ച് മുൻപുണ്ടായിരുന്ന എല്ലാ ധാരണകളെയും തിരുത്തിയെഴുതുന്നതാണ് ഈ പ്രക്ഷോഭം’ -ഷംലി വ്യക്തമാക്കുന്നു. സോനം വാങ്ചുക്കിനെ രാജ്യദ്രോഹിയെന്നും വിദേശചാരനെന്നും ചിത്രീകരിച്ച് ചില വിഭാഗങ്ങൾ രംഗത്തുവന്നപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിച്ചതെന്ന് ഷംലി പറയുന്നു.
ലഡാക്കിലെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ പിന്നാക്കം പോയ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ‘സ്റ്റുഡൻറ്സ് എജുക്കേഷനൽ ആൻഡ് കൾചറൽ മൂവ്‌മെൻറ് ഓഫ് ലഡാക്’ സ്ഥാപിച്ച വ്യക്തിയാണ് അദ്ദേഹം. രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിനെതിരെ അസത്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പ്രതിരോധചിത്രമെന്നും അവർ കൂട്ടിച്ചേർത്തു.
ഫോട്ടോഗ്രാഫുകളെ വെല്ലുന്ന തനിമയുള്ള റിയലിസ്റ്റിക് ചിത്രങ്ങളിലൂടെ പ്രവാസ ലോകത്ത് ഇതിനകം ശ്രദ്ധേയയായ കലാകാരിയാണ് ഷംലി. സൗദി സന്ദർശനത്തിനെത്തിയ പ്രമുഖരായ നിരവധി വ്യക്തികൾക്ക് താൻ വരച്ച ചിത്രങ്ങൾ ഉപഹാരമായി നൽകാനും ഇവർക്ക് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.