ദമ്മാം: ഗാർഹിക-വാണിജ്യ ആവശ്യങ്ങൾ മുൻനിർത്തി ആവിഷ്കരിച്ച സൗരോർജ പദ്ധതികൾ മെച്ചപ്പെടുത്തി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി. ഈ മാസം തന്നെ ഇതുസംബന്ധിച്ച കൂടുതൽ ആസൂത്രിത നീക്കങ്ങളും നടപടികളും ഉണ്ടാവുമെന്ന് ഊർജകാര്യ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ഗുണമേന്മയുള്ള സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കാനാവശ്യമായ ചെലവും അനുബന്ധ വിവരങ്ങളും ആഴ്ചകൾക്കകം പ്രഖ്യാപിക്കും.
സൗദിയുടെ സ്വപ്നനഗര പദ്ധതിയായ 'നിയോമിൽ'സൗരോർജ പദ്ധതികൾ നടപ്പിലാക്കാനായെന്നും അത് വിജയകരമായി മുന്നോട്ടുപോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് എനർജി ഫോറവും യൂറോപ്യൻ യൂനിയനും സംയുക്തമായി നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയിതര വരുമാനം വർധിപ്പിക്കലും വൈവിധ്യമാർന്ന ഊർജ സ്രോതസ്സുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തലുമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
മാസങ്ങൾക്ക് മുമ്പാണ് ഗാർഹിക-വാണിജ്യ ആവശ്യങ്ങൾ മുൻനിർത്തി ചെറുകിട സൗരോർജ പദ്ധതി ദേശീയതലത്തിൽ ആവിഷ്കരിച്ചത്. മന്ത്രാലയത്തിെൻറ പ്രഖ്യാപനത്തെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽതന്നെ സത്വരനടപടികൾ കൈക്കൊണ്ട് പദ്ധതി സാക്ഷാത്കരിക്കപ്പെട്ടിരുന്നു. കിങ് അബ്ദുല്ല സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. സൗരോർജ പാനൽ സ്ഥാപിക്കൽ, ഉപകരണങ്ങളുടെ പ്രവർത്തനരീതി, വൈദ്യുതി ഉൽപാദനം, കേടുപാടുകൾ തീർക്കൽ തുടങ്ങി സൗരോർജ പ്ലാൻറ് സ്ഥാപിക്കാനുള്ള പരിശീലനം കോഴ്സിലൂടെ സ്വായത്തമാക്കാനാവും.
ഊർജകാര്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ വൈദ്യുതി-ജല അതോറിറ്റി, പ്രവിശ്യതല മുനിസിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സൗരോർജ ഉൽപാദനരംഗത്ത് പ്രാഗത്ഭ്യമുള്ള സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളാണ് കരാറടിസ്ഥാനത്തിൽ സോളാർ പ്ലാൻറുകൾ സ്ഥാപിക്കുക.
വീടുകളിലും വില്ലകളിലും ചെറുകിട വാണിജ്യസ്ഥാപനങ്ങളിലും സ്വതന്ത്രമായി സോളാർ പ്ലാൻറുകൾ വഴി ആവശ്യമായ അളവിൽ വൈദ്യുതി ഉൽപാദിപ്പിക്കാം. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സൗരോർജ പ്ലാൻറുകൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതി, നിലവിലുള്ള ട്രാൻസ്ഫോർമറുകൾ വഴി വിതരണം ചെയ്യുന്ന വിധമാണ് ആസൂത്രണം.
അന്താരാഷ്ട്ര നിലവാരമുള്ള സൗരോർജ പ്ലാൻറുകളുടെ വിവരങ്ങൾ, ഉൽപാദന-വിതരണ രീതി, സ്ഥാപിക്കുന്നതിനുള്ള ചെലവ്, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് തുടങ്ങി ഉപഭോക്താക്കൾക്ക് വേണ്ട നിർദേശങ്ങളും നടപടിക്രമങ്ങളും ഉൾക്കൊള്ളിച്ച് 'ശംസി'എന്ന ശീർഷകത്തിൽ വെബ്പോർട്ടൽ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. വിഷൻ 2020യുടെ ചുവടുപിടിച്ച് 2018 ഏപ്രിലിൽ ലോകത്തിലെതന്നെ ഏറ്റവും സൗരോർജ പദ്ധതിക്ക് സൗദി തുടക്കംകുറിച്ചിരുന്നു. 2030ഓടെ പൂർത്തീകരിക്കാനിരിക്കുന്ന ഈ പ്രസ്തുത പദ്ധതിക്ക് 200 ബില്യൺ ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.
റിയാദിലെ അൽ ഉയാന ഗ്രാമത്തിലാണ് സർക്കാർതല സൗരോർജ പ്ലാൻറ് സ്ഥാപിതമായത്. നിലവിൽ രാജ്യത്ത് പലയിടങ്ങളിലും രാത്രികാലങ്ങളിൽ ഉപയോഗിക്കുന്ന വഴിവിളിക്കുകൾക്ക് വേണ്ട ഊർജം സൗരോർജ പ്ലാൻറുകൾ വഴി ഉൽപാദിപ്പിക്കുന്നുണ്ട്. സൗദിയുടെ സൗരോർജ സാധ്യത അനന്തമാണെന്നിരിക്കെ, സുസ്ഥിരവും പുനരുൽപാദിപ്പിക്കാവുന്നതുമായ പദ്ധതിയെന്ന നിലയിൽ സൗരോർജ പദ്ധതികൾ വൻ കുതിച്ചുചാട്ടത്തിന് ഹേതുവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.