റിയാദ്: മിഡിൽ ഈസ്റ്റിലെ ചെറുകിട, ഇടത്തരം സംരംഭകത്വ മേളയായ ‘ബിബാൻ 2025ന്’ ബുധനാഴ്ച റിയാദിൽ തുടക്കമാകും. റിയാദ് ഫ്രൻറ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ ചെറുകിട, ഇടത്തരം സംരംഭക ജനറൽ അതോറിറ്റി (മോൺഷാത്ത്) ‘അവസരത്തിനായുള്ള ആഗോള ലക്ഷ്യസ്ഥാനം’ പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നാല് ദിവസം നീളും.
ബിബാൻ മേളയുടെ 11ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. 150ലധികം രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പെങ്കടുക്കും. മേഖലയിലെ ഏറ്റവും വലിയ സംരംഭക വേദിയെന്ന നിലയിൽ സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, ലോകപ്രശസ്ത വിദഗ്ധർ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്ന പരിപാടിയായി ഇത് മാറും. സൗദിയുടെ സംരംഭക ആവാസവ്യവസ്ഥയുടെ വളർച്ചക്ക് ഇന്ധനം നൽകുന്നതിനായി തന്ത്രപരമായ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുക, ഉയർന്ന മൂല്യമുള്ള അവസരങ്ങൾ കണ്ടെത്തുക, നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
ധനകാര്യം, നിക്ഷേപം, മാനേജ്‌മെൻറ്, മാർക്കറ്റിങ്, ഡിജിറ്റൽ പരിവർത്തനം, ആഗോള വികാസം തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വിദഗ്ധർ നയിക്കുന്ന 85 ലധികം പ്രത്യേക ശിൽപശാലകൾ മേളയിൽ നടക്കും. സംരംഭകരുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ഏഴ് പ്രധാന വിഭാഗങ്ങളാണ് ഫോറത്തിലുള്ളത്.
ധനസഹായം, ഫ്രാഞ്ചൈസിങ്, ഇ-കൊമേഴ്‌സ്, വിപണി തുടങ്ങിയ പ്രധാന മേഖലകളെയാണ് ഈ വിഭാഗങ്ങൾ അഭിസംബോധന ചെയ്യുന്നത്. നൂറുകണക്കിന് വിജയകരമായ പദ്ധതികളും പങ്കാളിത്തങ്ങളും ആരംഭിച്ച മുൻ പതിപ്പുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ‘ബിബാൻ 2025’ ഒരുക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രാദേശിക, ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിന് ശാക്തീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.