ജിദ്ദ: യെമനിലെ ഹളറമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിൽ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്.ടി.സി) നടത്തിയ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി സൗദി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിന്റെയോ അറബ് സഖ്യസേനയുടെയോ അനുമതിയില്ലാതെ നടത്തിയ ഈ നീക്കങ്ങൾ യെമൻ ജനതയുടെ താൽപര്യങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും വിഘാതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ പ്രകോപനപരമായ സാഹചര്യം ഒഴിവാക്കാൻ എസ്.ടി.സി സൈന്യം അടിയന്തരമായി പിന്മാറണമെന്നും സൗദി ആവശ്യപ്പെട്ടു. യു.എ.ഇ, യെമൻ സർക്കാർ എന്നിവരുമായി ചേർന്ന് വിഷയം പരിഹരിക്കാൻ സൗദി അറേബ്യ സജീവമായി ഇടപെട്ടുവരികയാണ്. ഇതിന്റെ ഭാഗമായി സൗദി, യു.എ.ഇ സംയുക്ത സൈനിക സംഘം അദാനിലെത്തി എസ്.ടി.സി നേതൃത്വവുമായി ചർച്ചകൾ നടത്തി.
പിടിച്ചെടുത്ത ക്യാമ്പുകൾ ഹോംലാൻഡ് ഷീൽഡ് ഫോഴ്‌സിനും പ്രാദേശിക ഭരണകൂടത്തിനും കൈമാറാനും സൈന്യത്തെ പഴയ സ്ഥാനങ്ങളിലേക്ക് മടക്കി അയക്കാനും നിർദേശം നൽകിയിട്ടുണ്ട്. സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ ദക്ഷിണ യെമനിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവൂ എന്നും, വിഘടനവാദ നീക്കങ്ങളിൽ നിന്ന് മാറി യെമന്റെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും സൗദി അറേബ്യ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.