മദായിൻ സാലിഹ്: പ്രകൃതിയുടെ കരവിരുത് ബോധ്യപ്പെടുത്തുന്ന ശിൽപഭംഗി തീർത്ത മദായിൻ സാലിഹ് കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വിനോദ യാത്രാസംഘങ്ങളായും കുടുംബ സമ്മേതവും ഇവിടെ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ജിദ്ദയിൽ നിന്ന് 750 കി.മീറ്ററും മദീനയിൽ നിന്ന് 325 കി.മീറ്ററും വടക്ക് മദീനക്കും തബൂക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചരിത്രഭൂമി കാണാൻ എത്തുന്നവരിൽ മലയാളികളും ധാരാളമുണ്ട്. ഉച്ചക്ക് ശേഷം രാത്രി ഇരുട്ട് ആകുന്നതുവരെ മാത്രം സന്ദർശനം അനുവദിക്കുന്ന പ്രദേശത്ത് അധികം ചെലവഴിച്ച് ഉല്ലസിക്കാൻ അനുവാദമില്ല. സാലിഹ് നബിയുടെ നഗരങ്ങൾ അഥവാ ‘മദായിൻ സാലിഹ്’ എന്ന് അറിയപ്പെടുന്ന സമൂദ് ജനതയുടെ ആവാസ കേന്ദ്രം ഇതു തന്നെയാണ് എന്ന് ഉറപ്പിച്ച് പറയാവുന്ന തെളിവുകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. സാലിഹ് നബിയുടെ കാലത്തിനും നൂറ്റാണ്ടുകൾക്ക് ശേഷം ചേക്കേറിയ ‘നബ്ത്തി’ എന്ന പേരിലറിയപ്പെട്ടിരുന്ന ജനതയുടെ ശവകുടീരങ്ങളാണ് മദായിൻ സാലിഹിൽ ഉള്ളതെന്നാണ് നിഗമനം.
സഞ്ചാരികൾക്ക് ഇൗ വിസ്‌മയ ഭൂപ്രദേശം നൽകുന്ന കൗതുകം അവാച്യമാണ്. പ്രകൃതി തീർത്ത മനോഹാ രിതക്കൊപ്പം വൻ പാറകൾ തുരന്നുണ്ടാക്കിയ പാർപ്പിടങ്ങളും ശവകുടീരങ്ങളും അദ്ഭുതപ്പെടുത്തും. ചുകന്ന കുന്നുകളും ശിലാഭവനങ്ങളും തന്മയത്വത്തോടെ നില നിർത്തുന്നതിൽ അധികൃതർ ജാഗ്രത കാണിക്കുന്നു. 2008 ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ സൗദി അറേബ്യയിലെ ആദ്യപ്രദേശമായി മദായിൻ സാലിഹ് ഇടം പിടിച്ചതോടെയാണ് വിശാലമായ ഈ ഭൂപ്രദേശത്തേക്ക് സന്ദർശകരുടെ പ്രവാഹത്തിന് ആക്കം കൂടിയത്. വിശാലമായ കവാടവും ഉയർന്നു പറക്കുന്ന പതാകകളും കാണാം. സഞ്ചാരികൾക്ക് എല്ലാ ഭാഗങ്ങളും ചുറ്റിക്കാണാൻ റോഡുകൾ സംവിധാനിച്ചിട്ടുണ്ട്. വിശാലമയ പ്രദേശത്ത് 131 സ്മാരകങ്ങൾ തിരിച്ചറിയാൻ ചെറു വിവരങ്ങൾ നൽകുന്ന ഫലകങ്ങൾ ചില്ലിട്ട് സ്ഥാപിച്ചിരിക്കുന്നു.
സമൂദ് ജനതയുടെ ആവാസ കേന്ദ്രവും സാലിഹ് നബിയേയും ദൈവിക കല്‍പനകളേയും ധിക്കരിച്ചതിനാൽ ദൈവശിക്ഷ ഇറങ്ങിയ സ്ഥലവും ഇതുതന്നെയെന്ന് വിശ്വസിക്കുന്നതിനാൽ സൗദി അറേബ്യയിലെ തദ്ദേശീയരിൽ നിന്ന് ഇവിടേക്ക് വന്‍തോതിലുള്ള ടൂറിസ്റ്റ് പ്രവാഹമില്ല. മദായിൻ സാലിഹിന് 23 കി.മീറ്റർ മാത്രം അകലമുള്ള അൽ ഉല സിറ്റിയിൽ എത്തുമ്പോൾ തന്നെ പാറകളുടെ രൂപഭാവങ്ങളും വർണങ്ങളും മനോഹരമായ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. അറേബ്യയിലെ അതിപുരാതനമായ രണ്ടാമത്തെ സമുദായമായാണ് ‘സമൂദി’നെ കണക്കാക്കുന്നത്. 2500 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള വലിയൊരു നഗരത്തിെൻറ അവശിഷ്ടങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കായികമായി അതിശക്തരായ ഒരു ജനവിഭാഗം വിട്ടേച്ചുപോയ കൃഷിയിടങ്ങളും ശേഷിപ്പുകളും കാണാം. പിൽകാലത്ത് ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷനായിരുന്ന ഇവിടെ അതിെൻറ കെട്ടിടങ്ങളുടേയും റെയിലിെൻറയും എന്ജിെൻറയും അവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. പഴയ ചരിത്ര വിവരങ്ങൾ ദൃശ്യവത്കരിച്ച് സന്ദർശകർക്ക് അറിവുകൾ ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.